അർഹമായ പരിഗണന നൽകിയില്ല; എൻഡിഎ വിട്ട് വിജയകാന്തിൻറെ ഡിഎംഡികെ മൂന്നാം മുന്നണിയുമായി കൈകോർക്കാൻ നീക്കം

ചെന്നൈ: വിജയകാന്തിൻറെ ഡിഎംഡികെ കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയുമായി കൈകോർക്കാൻ നീക്കം. അർഹമായ പരിഗണന നൽകിയില്ലെന്ന് പരാതിപ്പെട്ട് വിജയകാന്ത് എൻഡിഎ വിട്ടതിനെ തുടർന്നാണ് നീക്കം. സഖ്യകാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമൽഹാസൻ വ്യക്തമാക്കി. ശരത്കുമാർ, രാധിക ഉൾപ്പടെയുള്ളവരെ സ്ഥാനാർത്ഥികളാക്കാനുള്ള ഒരുക്കത്തിലാണ് കമൽ.
41 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും 13 സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്ന നിലപാടിലായിരുന്നു ബിജെപി നേതൃത്വം. 2011ൽ പ്രധാന പ്രതിപക്ഷം ആയിരുന്നു ഡിഎംഡികെ. എന്നാൽ വിജയകാന്തിന് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതോടെ പാർട്ടി ക്ഷയിച്ചു. 2016ൽ 2.5 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
പാർട്ടിക്ക് പഴയ സ്വാധീനമില്ലെന്ന് വാദിച്ചാണ് അണ്ണാഡിഎംകെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത്. അണ്ണാഡിഎംകെയ്ക്ക് കെട്ടിവച്ച പണം പോലും കിട്ടില്ലെന്നും ഇപിഎസ് നേതൃത്വത്തിൻറെ പൂർണ പതനത്തിനായി പ്രവർത്തിക്കുമെന്നും ഡിഎംഡികെ നേതാക്കൾ വ്യക്തമാക്കി. വിജയകാന്തിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കമൽഹാസൻറെ മക്കൾ നീതി മയ്യം രംഗത്തെത്തി. ഡിഎംഡികെയുമായുള്ള സഖ്യകാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമൽ അറിയിച്ചു.