തമിഴ് രാഷ്ട്രീയത്തിലെ വിജയ് സാന്നിധ്യം; തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള രാഷ്ട്രീയ പര്യടന യാത്ര
തമിഴിലെ മുൻ നടൻ, ടിവികെ പ്രസിഡന്റ് വിജയ്, നേരത്തെ പ്രഖ്യാപിച്ചതുപോലെ, സംസ്ഥാന വ്യാപകമായ രാഷ്ട്രീയ പര്യടനത്തിന് തിരുചിറപ്പള്ളിയിൽ തുടക്കം കുറിച്ചു. ഈ യാത്രയുടെ പ്രധാന ലക്ഷ്യം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഡിസംബർ വരെയുള്ള പര്യടനത്തിന് നിരവധി പ്രത്യേകതകൾ ഉണ്ട്. ദ്രാവിഡ പാർട്ടികൾക്ക് പതിവായ രീതികളോട് പൂർണ്ണമായും വ്യത്യസ്തമായ പുതിയ ശൈലി വിജയ് പരീക്ഷിച്ചാണ് പര്യടനം ആരംഭിച്ചത്.
വാരാന്ത്യങ്ങളിലായാണ് ഓരോ പര്യടനവും നടക്കുന്നത്, പ്രത്യേകിച്ച് ശനിയാഴ്ചകൾ. ജോലിയും മറ്റു ബാധ്യതകളും പരിഗണിച്ച് ഈ പദ്ധതി രൂപപ്പെടുത്തിയതായി വിവരം പറയുന്നു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, 234 മണ്ഡലങ്ങളിൽ യോഗങ്ങൾ നടത്താതെ 38 ജില്ലകളിലായി പര്യടനം നടക്കും. പുത്തൻ രീതികളും തീരുമാനങ്ങളും പൊതുജനങ്ങൾക്ക് പ്രശ്നമാവാതിരിക്കേണ്ടതാണ് എന്ന നിലപാടിലാണ് വിജയ് പഴഞ്ചൻ രീതികളെ ഒഴിവാക്കി മുന്നേറുന്നത്. ടിവികെ പുതിയ ലോഗോ, തമിഴ്‌നാട് ഭൂപടത്തിൽ വിജയിന്റെ ചിത്രം ഉൾപ്പെടുത്തി, “നിന്റെ വിജയ്, ഞാൻ വരുന്നു” എന്ന ടാഗ് ലൈൻ നൽകിയിട്ടുണ്ട്. കൂടാതെ 2026-ൽ ചരിത്രപരമായ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചനയും നൽകിയിട്ടുണ്ട് – 1967-ൽ അണ്ണാദുരൈ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിൽ എത്തുകയും, 1977-ൽ എംജിആർ ഡിഎംകെയെ പരാജയപ്പെടുത്തി മുന്നേറിയതും ഓർമപ്പെടുത്തുന്നു.
സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുന്ന മണ്ണാണ് തമിഴകത്തിന്റേത്.. എംജിആർ, ജയലളിത, കരുണാനിധി എന്നിവരിന് ശേഷം സിനിമാ പശ്ചാത്തലത്തിൽ മറ്റൊരു മുഖ്യമന്ത്രി വളർന്നിട്ടില്ല. ശിവാജി, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ എന്നിവരെ പരീക്ഷിച്ചു, പക്ഷേ വിജയിപ്പിച്ചില്ല. എന്നാൽ വിജയ് തന്റെ കരിയറിന്റെ പീക്കിൽ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രതിപക്ഷം ഡിഎംകെയായിരുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും, താന്‍ മധുരൈ സമ്മേളനത്തിൽ ആദ്യമായി ആഞ്ഞടിച്ചും എതിർപ്പു രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. ആശയപരമായി തന്റെ ശത്രു ഡിഎംകെയാണെന്നും രാഷ്ട്രീയപരമായ ശത്രു ബിജെപിയാണെന്നും പ്രഖ്യാപിച്ച വിജയ്, എഐഎഡിഎംകെയ്ക്കെതിരെ ഒരു വാക്കുപോലും മിണ്ടിയിരുന്നില്ല. എന്നാൽ മധുരൈ സമ്മേളനത്തിൽ വിജയ് ഈ വിമർശനം നികത്തി. അണ്ണാ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ചു. വിജയ്യുടെ ഈ നീക്കം ജയലളിതയുടെ മരണവും നേതാക്കന്മാരുടെ തമ്മിൽൽതല്ലും മൂലം അടിത്തറ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയുടെ സ്ഥാനത്തേയ്ക്ക് കയറിപ്പറ്റുകയാണെന്ന് വിലയിരുത്തുന്നുണ്ട്. ഡിഎംകെയുമായി നേരിട്ട് കൊമ്പുകോർക്കാനുള്ള രാഷ്ട്രീയ ദൃഢത നിലവിൽ ടിവികെയ്ക്ക് കൈവന്നിട്ടില്ല. അതിനാൽ രണ്ടാം സ്ഥാനമാകും ടിവികെയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കടുത്ത ആത്മവിശ്വാസവുമായി ഭരണപക്ഷം മുന്നറിയിപ്പ് നൽകുമ്പോഴും തമിഴകം കൈനീട്ടി സ്വീകരിച്ച നേതാക്കന്മാരുടെ ഭാഗ്യയിടത്തിൽ നിന്നാണ് വിജയ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചിരിക്കുന്നത്. റാലിയിലെ പ്രസംഗത്തിനിടെ എന്തുകൊണ്ടാണ് താൻ തിരുച്ചിറപ്പള്ളി തന്നെ പര്യടനത്തിനായി തെരഞ്ഞെടുക്കാൻ കാരണമെന്ന് വിജയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 1956ൽ ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈ തെരഞ്ഞെടുത്ത മണ്ഡലം തിരുച്ചിറപ്പള്ളിയാണ്. 1972ൽ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എംജി രാമചന്ദ്രൻ 1974ൽ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയത് തിരുച്ചിറപ്പള്ളിയിലാണ്. ജാതീയതയെവെല്ലുവിളിച്ച, അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിർത്താൻ ആഹ്വാനം ചെയ്ത തന്തൈ പെരിയാർ ജീവിച്ചിരുന്ന സ്ഥലമാണ്. പണ്ടുകാലങ്ങളിൽ യുദ്ധമുഖത്തേക്ക് പോകുന്നവർ തങ്ങളുടെ പരദേവതമാരോട് പ്രാർത്ഥിക്കാൻ എത്തിയിരുന്ന സ്ഥലമാണവുമാണത്രേ തിരുച്ചിറപ്പള്ളി. ഇക്കാരണങ്ങൾ കൊണ്ടാണ് താൻ ആദ്യ പര്യടനം നടത്താൻ തിരുച്ചിറപ്പള്ളി തെരഞ്ഞെടുത്തതെന്നാണ് വിജയ്‌യുടെ പക്ഷം.
വിജയ് ഈ യാത്രയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഒന്നാണ് – തമിഴ് രാഷ്ട്രീയത്തിൽ ദൃഢമായ മുന്നേറ്റവും ഡിഎംകെയ്ക്ക് ശക്തമായ വെല്ലുവിളിയും സൃഷ്ടിക്കുക. ‘സ്റ്റാലിൻ അങ്കിൾ’ വിമർശനവും, ബിജെപിയുടെ വളർച്ച തടയലും ഇതിന്റെ ഭാഗമാണ്. 2021ലെ ഡിഎംകെ വാഗ്ദാനങ്ങൾ പാലിക്കാനായില്ല എന്നതും, അനധികൃത വൃക്ക തട്ടിപ്പ് നിയന്ത്രിക്കാൻ സർക്കാർ കഴിയുന്നില്ലെന്നതും വിജയ് പര്യടന ബസിൽ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. എംജിആർ രാഷ്ട്രീയ സ്വാധീനം വീണ്ടും ഉയരുമോ എന്ന് ഈ പര്യടനം തെളിയിക്കും.
ബിജെപിയുടെ വളർച്ച തടയുക എന്നതും വിജയ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതിനെല്ലാം അപ്പുറമാണ് അണ്ണാഡിഎംകെയുടെ പതനം തമിഴ് രാഷ്ട്രീയത്തിലുണ്ടാക്കിയ വിടവ് നികത്താനുള്ള നീക്കം. ക്യാമ്പയിൻ ബസിന് മുകളിൽ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിന് മുകളിൽ നിന്നും പ്രസംഗിച്ച വിജയ് മറ്റൊരു എംജിആറായി പരിണമിക്കുമോ എന്നത് കാത്തിരുന്നു കാണണം. ദ്രാവിഡ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നേതാക്കളെ സമ്മാനിച്ച തിരുച്ചിറാപ്പള്ളിയിലെ മണ്ണ് വിജയ്ക്ക് കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന രാഷ്ട്രീയ ആകാംഷ മാത്രമാണ് ഇനി ബാക്കിയുള്ളത്.
Tag:Vijay’s presence in Tamil politics; Political tour from Tiruchirappalli