Latest NewsNationalNews

വിജീഷ് തട്ടിയെടുത്ത പണം കാണാനില്ല , കാനറാ ബാങ്ക് തട്ടിപ്പ്‌കേസില്‍ വഴിത്തിരിവ്‌

പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ വൻ വഴിത്തിരിവ്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോൾ വിജീഷ് വർഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ പോലീസിനെ വലയ്ക്കുന്നത്.

സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് വർഗീസ് വൻ തുക നിക്ഷേപിച്ചത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ല. ചിലതിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.

തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും ഏറെ മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് സംശയം.

തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.

ബാങ്ക് ശാഖയിൽ വിജീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വിജീഷിനെതിരെ ഐപിസി 420, ഐടി ആക്ട് 66 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരനായ വിജീഷ് വർഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു.

ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു. തുടർന്ന് ഫെബ്രുവരി 11-ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങി. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ കോടികൾ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ ഒളിവിൽ പോയ വിജീഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരിവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button