വിജിത്ത് ചെറിയ പുള്ളിയല്ലെന്ന് എന്‍ഐഎ, പന്തീരാങ്കാവ് കേസില്‍ മാവോവാദികളുമായി ബന്ധമെന്ന് എന്‍ഐഎ

കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസില്‍ അറസ്റ്റിലായ വിജിത്ത് വിജയന് മാവോവാദികളുമായി അടുത്ത ബന്ധമെന്ന് എന്‍ഐഎ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്തെന്നും, മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചുവെന്നും എന്‍ഐഎ പറയുന്നു.
സി.പി ഉസ്മാനുമായി വിജിത്ത് പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി. സംഘടനയ്ക്കുള്ളില്‍ പച്ച, ബാലു, മുസാഫിര്‍, അജയ് തുടങ്ങിയ പേരുകളിലാണ് വിജിത്ത് അറിയപ്പെട്ടിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിത്തിന് വൈത്തിരി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമായി അടുത്ത ബന്ധമുണ്ട്. സി.പി.ഉസ്മാനും ജലീലിനുമൊപ്പം വിവിധ ജില്ലകളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിലെ അംഗമാണ് വിജിത്ത് എന്നും എന്‍ഐഎ പറയുന്നു. കഴിഞ്ഞ ദിവസമാണ് യുഎപിഎ ചുമത്തി വിജിത്തിനെ അറസ്റ്റ് ചെയ്തത്.
മാവോവാദി സാഹിത്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് നല്‍കിയിരുന്നത് വിജിത്താണ്. മാവോവാദി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രധാന ചുമതല വിജിത്ത് കൈകാര്യം ചെയ്തിരുന്നുവെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു.