ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്ത ആരാധകർക്ക് മറുപടിയുമായി വിക്രാന്ത് മാസി

‘ട്വൽത് മാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി വിക്രാന്ത് മാസി. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണയില്ലാതെ തന്നെ കരിയർ ആരംഭിച്ച് സ്വന്തം കഴിവിലൂടെ ഉയർന്ന താരമാണ് അദ്ദേഹം. തന്റെ ആരാധനാപാത്രമായ ഷാരൂഖ് ഖാനോടൊപ്പം ആണ് മാസി ഈ പുരസ്കാരം പങ്കിടുന്നത്. ‘ജവാൻ’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ തന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരം നേടുന്നത്.
ഇരുവരും ദേശീയ പുരസ്കാരത്തിന്റെ മഹിമയിൽ നില്ക്കുമ്പോൾ, വിക്രാന്ത് മാസിയുടെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്ത ആരാധകർക്ക് നൽകിയ അദ്ദേഹത്തിന്റെ മറുപടിയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ‘ട്വൽത് മാൻ’ വിജയിച്ചതിന് പിന്നാലെ ആരാധകർ മാസിയെ ഷാരൂഖ് ഖാനോട് താരതമ്യം ചെയ്തപ്പോൾ, മാസിയുടെ മറുപടി അന്നും കയ്യടി നേടിയിരുന്നു.
“അത് അനീതിയാണ്. അദ്ദേഹത്തോടുള്ള കടുത്ത അനീതിയാണിത്. അദ്ദേഹം ഷാരൂഖ് ഖാൻ ആണ്. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും പോലുള്ളവർ ഇതിഹാസങ്ങളാണ്. അവരെ എന്നോടോ മറ്റാരോടോ താരതമ്യം ചെയ്യുന്നത് തെറ്റാണ്. അവർ തലമുറകളിൽ ഒരിക്കൽ മാത്രം ജനിക്കുന്ന, ദശലക്ഷത്തിൽ ഒരാൾ മാത്രമായ മനുഷ്യരാണ്. ഇനിയൊരു ഷാരൂഖ് ഖാൻ ഉണ്ടാകില്ല, ഇനിയൊരു അമിതാഭ് ബച്ചനും ഉണ്ടാകില്ല. താരതമ്യം അർത്ഥശൂന്യമാണ്. ഞാൻ ചിരിച്ചുതള്ളാറാണ് പതിവ്. അതൊന്നും ഞാൻ മനസ്സിൽ വെക്കാറില്ല.” – വിക്രാന്ത് മാസി (പഴയ അഭിമുഖത്തിൽ).
ഇന്ന്, ദേശീയ പുരസ്കാരം ഷാരൂഖ് ഖാനോടൊപ്പം പങ്കിടുമ്പോൾ, മാസിയുടെ അന്നത്തെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ആരാധനയോടെ നോക്കിയിരുന്ന താരത്തോടൊപ്പം ഇന്ന് ഒരേ വേദിയിൽ അവാർഡ് ഏറ്റുവാങ്ങുന്ന വിക്രാന്ത് മാസിയുടെ ഈ നേട്ടം ജീവിതം നൽകുന്ന അപ്രതീക്ഷിത സന്തോഷങ്ങളുടെ മികച്ച ഉദാഹരമാണെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
Tag: Vikrant Massey responds to fans who compared him to Shah Rukh Khan