Sports

ഗോവന്‍ വിങര്‍ വിന്‍സി ബരേറ്റോ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി; യുവതാരം വിന്‍സി ബരേറ്റയെ ടീമിലെത്തിച്ചതായി സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മൂന്നു വര്‍ഷ കരാറില്‍ 2024 വരെ താരം ക്ലബ്ബില്‍ തുടരും. കെബിഎഫ്‌സിയില്‍ ചേരുന്നതിന് മുമ്പ് ഗോകുലം കേരള എഫ്‌സി താരമായിരുന്നു ഈ യുവ വിങര്‍.

21കാരനായ ഗോവന്‍ താരം, ഡെംപോ എസ്‌സി അക്കാദമിയിലൂടെയാണ് ഔദ്യോഗിക കളിജീവിതം തുടങ്ങിയത്. ക്ലബ്ബിനായി അണ്ടര്‍-18 ഡിവിഷനിലും കളിച്ചു. 2017ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ്‌സി ഗോവയുടെ റിസര്‍വ് ടീമുമായാണ് ആദ്യ സീനിയര്‍ കരാര്‍ ഒപ്പുവച്ചത്. മൂന്നു വര്‍ഷം ക്ലബ്ബിനായി പന്തുതട്ടി. 2018-19 സീസണില്‍ ഗോവ പ്രൊഫഷണല്‍ ലീഗിനുള്ള ക്ലബ്ബിന്റെ ആദ്യ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരം കിരീടവിജയത്തിലും പങ്കാളിയായി. ആഭ്യന്തര ലീഗിലും ഐലീഗ് രണ്ടാം ഡിവിഷനിലും 17 തവണ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ്, 2020ല്‍ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്‌സിയില്‍ ഒരു സീസണ്‍ ചെലവഴിച്ച് 13 മത്സരങ്ങളില്‍ ബൂട്ടണിയുകയും ചെയ്തു.

ഒരിക്കല്‍ കൂടി കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ ആഹ്ലാദവാനാണെന്ന് വിന്‍സി ബരേറ്റോ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ആരാധകവൃന്ദത്തെക്കുറിച്ച് ഞാന്‍ എല്ലായ്‌പ്പോഴും കേട്ടിട്ടുണ്ട്, ടീമിന്റെ ഭാഗമാകുന്നതിലും അത് അനുഭവിക്കാനാവുന്നതിലും ഞാന്‍ ശരിക്കും ആവേശത്തിലാണ്. വ്യക്തിപരമായി വളര്‍ച്ച നേടുന്നതിനൊപ്പം, കളിക്കളത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്താനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-വിന്‍സി ബരേറ്റോ പറഞ്ഞു.

യുവ പ്രതിഭയായ വിന്‍സി ബരേറ്റോയെ ടീമില്‍ ഉള്‍പ്പെടുത്താനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഏറെ മികച്ച കഴിവുള്ള താരമാണ് ബരേറ്റോ. തന്റെ വേഗതയും വൈദഗ്ധ്യവും ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ താരം സ്വന്തമായി ഒരു ശൈലി ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നതിനൊപ്പം, താരത്തിന്റെ ഫുട്‌ബോള്‍ കരിയറില്‍ തന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button