വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഷാർജയിൽ വിപഞ്ചികയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം കേരളപുരം സ്വദേശിനിയായ വിപഞ്ചികയുടെയും മകളുടെയും മരണം സംബന്ധിച്ച് നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസിന്റെ ഗൗരവം പരിഗണിച്ച് കുണ്ടറ പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന റിപ്പോർട്ട് റൂറൽ എസ്പിക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് നൽകി. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
ഷാർജയിലും വിവരശേഖരണം നടത്തേണ്ടതിനാൽ, കൂടുതൽ മൊഴി രേഖപ്പെടുത്തൽ, ശാസ്ത്രീയ പരിശോധന, ഫോൺ വിവരങ്ങൾ പരിശോധിക്കൽ, ഫോറൻസിക് പരിശോധന എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
വിപഞ്ചികയുടെ അമ്മ ഇപ്പോൾ ഷാർജയിൽ എത്തി, അവിടെ കോടതിയെയും പോലീസിനെയും സമീപിക്കാനാണ് നീക്കം. ക്രൈംബ്രാഞ്ച് മേധാവി പുതിയ അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും.
ജൂലൈ 8-നാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ദുബൈയിൽ തന്നെ സംസ്കരിച്ചിരുന്നു.
Tag: Vipanchika’s death; Investigation handed over to Crime Branch