Kerala NewsLatest News

വിപഞ്ചികയുടെ മരണം: മാതാവ് ഷാർജയിൽ എത്തി

ഷാർജയിലെ അൽ ക്വായ്‌സിയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ബന്ധുവിനൊപ്പം ചൊവ്വാഴ്ച പുലർച്ചെ ഷാർജയിൽ എത്തി. മകളും രണ്ട് വയസ്സുകാരിയായ മകളും നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അനുമതി തേടി ഉദ്യോഗസ്ഥരുമായി ഷൈലജ കൂടിക്കാഴ്ച നടത്തും. വിപഞ്ചികയുടെ സഹോദരൻ വിനോദും ഇന്ന് രാത്രി ഷാർജിയിലെത്തും. സംഭവത്തിൽ ഭർത്താവ് നിധീഷിനെതിരേ ഷാർജയിൽ ഔദ്യോഗികമായി പരാതി നൽകാൻ കുടുംബം ആലോചിച്ചുവരികയാണ്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും കുടുംബം നടത്തുന്നുണ്ട്.

വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരായാണ് കേസ് എടുത്തത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട കേസിലാണ് ഭർത്താവ് നിധീഷിനെയും, നിധീഷിന്റെ സഹോദരി നീതുവിനെയും, നിധീഷിന്റെ പിതാവിനെയും പ്രതികളാക്കിയത്. വിപഞ്ചികയുടെ അമ്മ ഷൈലജ നൽകിയ മൊഴിയിലാണ് എഫ്‌ഐആർ ആസ്പദമാക്കിയത്.

കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് സ്വദേശിയായ വിപഞ്ചിക (33)യും മകൾ വൈഭവിയും കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഷാർജയിലെ അൽ ക്വായ്‌സിയിലെ ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. എംബിഎ ബിരുദധാരിയും, ഷാർജയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരുമായിരുന്ന വിപഞ്ചിക, 2020 നവംബറിൽ കോട്ടയം സ്വദേശി നിധീഷുമായി വിവാഹിതയായിരുന്നു.

വിവാഹശേഷം ഭർത്താവിന്റെയും ബന്ധുക്കളുടെയും കൂടെ ഷാർജയിലായിരുന്നു താമസം. വിവാഹജീവിതം തുടങ്ങി കുറച്ചുദിവസത്തിനകം തന്നെ കടുത്ത പീഡനവും അപമാനങ്ങളും നേരിട്ടതായി വിപഞ്ചിക ആത്മഹത്യക്കുറിപ്പിൽ കുറിച്ചു. ഗർഭധാരണശേഷം പീഡനം ശക്തമായതിനെ തുടർന്ന് മകളുമായി മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറേണ്ടിവന്നുവെന്നും ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡിവേഴ്സ് നോട്ടീസ് നൽകിയതോടെ ഭർത്താവിന്റെ സമീപനത്തിൽ താൽക്കാലികമായ മാറ്റം കണ്ടിരുന്നെങ്കിലും പിന്നീട് ആ പ്രതീക്ഷയും നശിച്ചു. മകളുടെ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖകളും ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ഇതുവഴി അട്ടിമറിയുകയായിരുന്നു. ഈ ഒറ്റപ്പെടലും നിരാശയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾക്ക് ലഭിച്ച ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നു.

സംഭവത്തെ തുടർന്ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. സ്ത്രീധന പീഡനമെന്ന സാഹചര്യത്തിൽ ഡിവൈഎസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. സംഭവസ്ഥലം വിദേശമായതിനാൽ ക്രൈംബ്രാഞ്ച് മുഖേനയോ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചോ വിശദമായ അന്വേഷണം നടക്കാനാണ് സാധ്യത.

Tag: Vipanchika’s death: Mother arrives in Sharjah

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button