കോവിഡ് വർദ്ധന, ഇ- ടിക്കറ്റുകള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കും സമ്പർക്കവും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ടിക്കറ്റുകള്‍ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാം. കൊച്ചി വണ്‍ ആപ്ലിക്കേഷനിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.
കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ യാത്ര ആരംഭിക്കുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും എന്റര്‍ ചെയ്യുക. ഉടന്‍ യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റ് നിരക്കും സ്ക്രീനില്‍ തെളിയും. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കാം. കാര്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. പണമടച്ചു കഴിയുമ്പോൾ ക്യു ആര്‍ കോഡ് സഹിതം ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ആപ്പില്‍ ലഭിക്കും. മെട്രോ പ്ലാറ്റ്ഫോമിലേക്ക് ഉള്ള ഓട്ടോമാറ്റിക് ഗേറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താണ് യാത്രക്കാര്‍ അകത്ത് പ്രവേശിക്കേണ്ടത്.