ഇരുണ്ട കാലത്തെ ചുമരിൽ അടയാളപ്പെടുത്തിയ നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ ഓര്‍മ്മയായി

അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഇന്ദിരാഗാന്ധിയെ പ്രതിഷേധമറിയിക്കാന്‍ കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിന്റെ ഹൃദയഭാഗത്തെ പീടിക ചുമരിൽ ‘അടിയന്തിരാവസ്ഥ അറബിക്കടലില്‍….ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ശ്രദ്ധേയമായ മുദ്രാവാക്യം കുറിച്ചിട്ടനങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ വിടവാങ്ങി. 78 വയസ്സായിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊടക്കാട് വെള്ളച്ചാല്‍ സി.വി പത്മനാഭന്‍ സ്മാരക വായനശാലയിലും വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതാഭിലാഷം പോലെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറും.
ജനാധിപത്യാവകാശങ്ങള്‍ കശാപ്പുചെയ്ത അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ കരിവെള്ളൂര്‍ ബസാറിലെ ശിവറായ പൈയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ മണ്‍ചുമരില്‍ വളരെ സാഹസികമായി അബ്ദുള്‍ ഖാദര്‍ എന്ന മനുഷ്യന്‍ കുറിച്ചിട്ട ‘അടിയന്തിരാവസ്ഥ അറബിക്കടലില്‍….ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ജ്വലിക്കുന്ന മുദ്രാവാക്യങ്ങള്‍ കാലമാറ്റത്തിലും നിറംമങ്ങാതെ ഇന്നും പലരുടെയും മനസ്സില്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്.
1975 ജൂണ്‍ 26. പത്രങ്ങളെയും കോടതികളെയും മറ്റു ജനാധിപത്യ സ്ഥാപനങ്ങളെയും ചങ്ങലയ്ക്കിട്ട് ഇന്ത്യയെ തടവറയാക്കിയ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണം ജനജീവിതം ദുസ്സഹമാക്കിയ കാലഘട്ടമായിരുന്നു.
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മംഗലാപുരത്ത് വിമാനമിറങ്ങി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാര്‍ മാര്‍ഗ്ഗം ദേശീയ പാതയിലൂടെ ഏറണാകുളത്തേക്ക് പോകൂന്നുണ്ടെന്ന വിവരം കിട്ടി. അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഇന്ദിരയെ അറിയിക്കണമെന്ന് കരിവെള്ളൂരിലെ പ്രബുദ്ധരായ ബീഡിത്തൊഴിലാളികള്‍ തീരുമാനിച്ചു. തൊഴിലാളികളുടെ തീരുമാനത്തിന് പാര്‍ട്ടിയുടെ അനുവാദം കിട്ടി. അവര്‍ മുന്നിട്ടിറങ്ങി.ടി.വി.കണ്ണന്‍ മാനേജരായ സാധു ബീഡിക്കമ്പനി പ്രവൃത്തിച്ചിരുന്നത് ശിവറായ പൈയുടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു. കക്ക നീറ്റിയുണ്ടാക്കിയ നൂറില്‍ (ചുണ്ണാമ്പ്) വെള്ളവും നീലവും ചേര്‍ത്ത് കലക്കി ഒരു തൊട്ടിയില്‍ നിറച്ചു. അപ്പോള്‍ തന്നെ അമ്പത് വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഒരു വശത്തെ കഴുക്കോല്‍ പിടിച്ച് സാഹസികമായി നടന്നു.വളക്കു തൂങ്ങി ചെമ്മണ്‍ ചുമരില്‍ ബ്രഷു കൊണ്ടാണ് നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ എന്ന ചെറുപ്പക്കാരന്‍ ആ ചരിത്ര ദൗത്യം നിര്‍വഹിച്ചത്. വൈകുന്നേരം തുടങ്ങിയ എഴുത്ത് രാത്രിയോളം തുടര്‍ന്നു.
‘ ഇന്ത്യ ഇന്ദിരയാണ്, ഇന്ദിര ഇന്ത്യയുമാണ് ‘എന്ന കോണ്‍ഗ്രസ്സുകാരുടെ പ്രചരണത്തിനുള്ള മറുപടിയായിരുന്നു ആ ചുവരെഴുത്ത്. ഇന്ദിരാഗാന്ധിയെ പ്രതിഷേധ മറിയിക്കാനാണ് ഇംഗ്ലീഷിലും എഴുതിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമുള്ള യാത്ര സുരക്ഷിതമല്ലെന്നു കണ്ട് വിമാനത്തില്‍ പോയതിനാല്‍ ചുവരെഴുത്ത് ഇന്ദിരാഗാന്ധി കണ്ടില്ല. പക്ഷേ ഈ ചുവരെഴുത്ത് ചരിത്രത്തിന്റെ അടയാളമായി കറുത്ത കാലത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് രണ്ടു ദശകങ്ങള്‍ ദേശീയപാതയോരത്ത് തലയുയര്‍ത്തി നിന്നു. ഇതുവഴി സഞ്ചരിച്ച പതിനായിരങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ പാതാ വികസനത്തിനായി സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ കെട്ടിടം പൊളിച്ചു. അങ്ങനെ ചരിത്ര ചുമര്‍ കാലയവനികയ്ക്കൂ പിന്നിലായി.
വാക്കും പ്രവൃത്തിയും ഒരു പോലെയാകണമെന്ന് നിശ്ചയമുള്ള കമ്യൂണിസ്റ്ററുകാരനായിരുന്നു ഖാദര്‍.അനുദിനം നിലപാടുകള്‍ മാറി മറിയുന്ന ഇന്നത്തെ കാലത്ത് തനിക്ക് ശരിയെന്നു ബോധ്യമുള്ള നിലപാടുകള്‍ മുറുകെ പിടിച്ച് ഓര്‍മ്മകള്‍ ഉണ്ടായിരക്കണമെന്ന് പുതിയ തലമുറയെ ഉദ്‌ബോധിപ്പിച്ച സഖാവായിരുന്നു അബ്ദുൾ ഖാദർ. ജാതിയുടെയും മതത്തിന്റെയും ഇടപെടലുകള്‍ മരണത്തില്‍പോലും ഉണ്ടാകരുതെന്നു തീരുമാനത്തില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ വര്‍ഷങ്ങള്‍ക്കുമുന്നേ സമ്മതപത്രം കൈമാറിയിരുന്നു അദ്ദേഹം
ആലിഹസ്സന്റെയും കുഞ്ഞാമിനയുടെയും മൂത്തമകനായി 1942ല്‍ കരിവെള്ളൂരിലാണ് അബ്ദുള്‍ ഖാദറിന്റെ ജനനം. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച ഖാദര്‍ ടി.കെ.ബീഡി, സാധു ബീഡി, ദിനേശ് ബീഡി എന്നീ കമ്പനികളില്‍ ദീര്‍ഘകാലം പണിയെടുത്തു.ഉച്ചത്തിലുള്ള പത്രവായനയും കവിതയും കഥയും നോവലും നാടകങ്ങളും വായിച്ച് സംവാദവും നടത്തിയ ഉറച്ച നിലപാടുകള്‍ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഖാദറിന്റേത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായ ഖാദര്‍ചുവന്ന പാര്‍ട്ടിക്കാര്‍ഡ് സൂക്ഷിച്ചു.1966ല്‍ സി.പി.ഐ (എം) മെമ്പറായി. മറ്റെന്തിനേക്കാളും ജീവിതത്തില്‍ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം1973 ല്‍ അയല്‍വാസിയായ മുണ്ടവളപ്പില്‍ കല്യാണിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത് താനൊരു കമ്യൂണിസ്റ്റാണെന്ന് ഊന്നിപ്പറഞ്ഞു. ഇവരുടെ പ്രണയ വിവാഹവും വിപ്ലവത്തിൻ്റെ മറ്റൊരു തലമായിരുന്നു.മതേതര ജീവിതം നയിക്കുന്ന ഖാദര്‍ കല്യാണി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഷൈനിയും രേഷ്മയും. ചെറുതാഴം സ്വദേശിയായ സതീശന്‍, വടകര ചോമ്പാല സ്വദേശി സുകേഷ് എന്നിവരാണ് മരുമക്കള്‍.