മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി; രണ്ടു പേര്‍ പോലീസ് പിടിയില്‍
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി നടപ്പിലാക്കി വരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് നേരെ വധ ഭീഷണി ഉണ്ടായത്.
സംഭവത്തില്‍ കോട്ടയം സ്വദേശി അനില്‍, ബെംഗളൂരു സ്വദേശി പ്രേംരാജ് നായര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇരുവരും മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ക്ലിഫ് ഹൗസിലും ചീഫ് സെക്രട്ടറിയോടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും വിളിച്ച് പറയുകയായിരുന്നു പ്രേംരാജ് നായര്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ സേലത്ത് നിന്നും തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കേരള പോലീസ് പിടികൂടുകയായിരുന്നു.
അതേസമയം ക്ലിഫ് ഹൗസിലേക്ക് വിളിച്ച് മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലുമെന്ന ഭീഷണിയായിരുന്നു കോട്ടയം സ്വദേശി അനില്‍ മുഴക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച് ഇയാള്‍ കോട്ടയം ബസ് സ്റ്റാന്‍ഡിലുണ്ടെന്ന വിവരം മനസ്സിലാക്കുകയായിരുന്നു. ഇതോടെ ഹില്‍ പാലസ് പൊലീസ് തൃപ്പൂണിത്തുറയില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം എന്താണ് ഇവരുടെ ലക്ഷ്യമെന്നത് വ്യക്തമല്ല. പോലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.