ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ നിയമവിരുദ്ധം: ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബെഞ്ചിന്റെ അനുമതി വേണം. 2011 മുതല്‍ വെര്‍ച്ചല്‍ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാല്‍ വെര്‍ച്ചല്‍ ക്യൂ സംവിധാനം ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. മണ്ഡലകാലം തുടങ്ങിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ കോടതി പറയുന്ന പരിഷ്‌കാരങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയ നടപടിയില്‍ നേരത്തെയും സര്‍ക്കാറിനെയും പോലീസിനെയും കോടതി വിമര്‍ശിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനല്ലെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരമുള്ളതെന്നാണ് കോടതിയുടെ ഉന്നയിക്കുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ചിന്റെ മുന്നിലുള്ളത്.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഈ മാസം 30ന് രാവിലെ 10ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.