മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍
കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാറിന്‍റെ ഭാര്യ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ക്രൂരമായ മര്‍ദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ട്. തന്നെ ഭര്‍ത്താവ് വീട്ടില്‍ വന്നാല്‍ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റില്‍ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭര്‍ത്താവ് കിരണ്‍ പറഞ്ഞെന്നും അതിന്‍റെ പേരില്‍ തന്നെയും
അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റില്‍ വിസ്മയ ബന്ധുക്കളോട് പറയുന്നു.
പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു. പക്ഷേ, ഒടുവില്‍ നിര്‍ത്താന്‍ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോള്‍ വിസ്മയയുടെ മുടിയില്‍ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തെന്നും വിസ്മയ പറയുന്നു. കാല് വച്ച് മുഖത്ത് അമര്‍ത്തിയെന്ന് പറയുമ്ബോള്‍, അതെല്ലാം അച്ഛനോട്
പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇന്ന്പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് കിട്ടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.