‘വോട്ട്ചോരി ഡോട്ട് ഇൻ’ വെബ്സൈറ്റ് ; രാഹുൽ ഗാന്ധിയുടെ പുതിയ ക്യാമ്പെയ്‌ൻ ആരംഭിച്ചു
രാജ്യത്ത് വോട്ട് മോഷണം നടക്കുന്നതായി രാഹുൽഗാന്ധിയുടെ തെളിവുകൾ നിരത്തിയുള്ള പവർപോയിന്റ്പ്രസന്റേഷനെ തുടർന്ന്, കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പുതിയ ക്യാമ്പെയ്‌ൻ ആരംഭിച്ചു. ‘വോട്ട്ചോരി ഡോട്ട് ഇൻ’ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് അദ്ദേഹം ജനപിന്തുണ തേടുന്നത്.
വെബ്സൈറ്റിൽ “വോട്ട്‌ചോരി പ്രൂഫ്”, “ഇസി (ഇലക്ഷൻ കമ്മീഷൻ) അക്കൗണ്ടബിലിറ്റി ആവശ്യപ്പെടുക”, “വോട്ട്‌ചോരി റിപ്പോർട്ട് ചെയ്യുക” എന്നീ മൂന്ന് ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ അനുഭവങ്ങളും തെളിവുകളും ഇവിടെ പങ്കുവെക്കാമെന്ന് കോൺഗ്രസ് അറിയിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ രാജ്യത്ത് വലിയ തോതിൽ വോട്ട് തട്ടിപ്പ് നടക്കുന്നതായി രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു.
ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ, വോട്ട് ജനാധിപത്യത്തിന്റെ അടിത്തറയായിരിക്കേണ്ടതാണെങ്കിലും ഇന്ന് അത് അപകടത്തിലാണെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും, ബംഗളൂരു സെൻട്രലിൽ മാത്രം ഒരു ലക്ഷത്തോളം വ്യാജ വോട്ടുകൾ സൃഷ്ടിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ക്രമക്കേടുകൾ 70 മുതൽ 100 ലോക്സഭാ സീറ്റുകളിൽ നടന്നിട്ടുണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം വോട്ട് മോഷണത്തിന്റെ തെളിവുകൾ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ചേർത്ത പുതിയ വോട്ടർമാരുടെ എണ്ണം, മുമ്പത്തെ അഞ്ചുവർഷത്തിനിടെ ചേർത്തതിലും കൂടുതലാണെന്നും, ഹരിയാനയും കർണാടകയും ഉൾപ്പെടെ തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയമുണ്ടെന്നും രാഹുൽ ആരോപിച്ചു. മഹാരാഷ്ട്രയിൽ പോളിംഗ് സമയത്തിനു ശേഷം വോട്ടിങ് നിരക്ക് കുതിച്ചുയർന്നതും 40 ലക്ഷം ദുരൂഹ വോട്ടർമാർ ഉൾപ്പെട്ടതും, സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നശിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗളൂരു സെൻട്രലിലെ മഹാദേവപുര മണ്ഡലമാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയിരിക്കുന്നത്. ഇവിടെ മാത്രം 1,00,250 വോട്ടുകൾ ബിജെപി മോഷ്ടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നുവെങ്കിലും, മഹാദേവപുരയിൽ നിന്ന് 1,14,046 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരേ വോട്ടറുടെ പേര് നാല് ബൂത്തുകളിൽ ഉൾപ്പെടുത്തിയതും, ഒരാൾ പല സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ ഉണ്ടായതും, 40,000-ത്തിലധികം വ്യാജ വിലാസങ്ങളും നിരവധി വോട്ടർമാരുടെ പിതൃനാമം അക്ഷരങ്ങൾ മാത്രമായതുമെല്ലാം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Tag: ‘Votchori.in’ website; Rahul Gandhi’s new campaign launched