Kerala NewsLatest News

സ്‌ട്രോംഗ് റൂമുകള്‍ തുറന്നു, വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പിന്നീട് 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.

48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

കൊവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് അഞ്ച് സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button