രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ വോട്ടർ അധികാർ യാത്ര ഇന്ന് സമാപനം; സമാപന പദയാത്രയിൽ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും
ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കും. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമാപന പദയാത്രയിൽ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ 89 ലക്ഷം പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ അത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര ആരംഭിച്ചത്. വോട്ടു കൊള്ളയ്ക്കും പട്ടിക തിരുത്തലിലെ വീഴ്ചകൾക്കും എതിരെ ബീഹാറിലെ കോൺഗ്രസ് ശക്തികേന്ദ്രമായ സാസ്റാമിൽ നിന്ന് ഓഗസ്റ്റ് 17-ന് യാത്ര തുടങ്ങുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ ബീഹാറിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ഇത് മാറി.
14 ദിവസം നീണ്ടു നിന്ന യാത്ര 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വലിയ ജനപിന്തുണയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും ലക്ഷ്യമിട്ട് ആരോപണങ്ങൾ രാഹുൽ ഗാന്ധി യാത്രയ്ക്കിടയിൽ ആവർത്തിച്ചു.
ഏകദേശം 1300 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ഇന്ന് പട്നയിലെത്തിയത്. രാവിലെ 11 മണിക്ക് ഗാന്ധി മൈതാനത്ത് നിന്ന് അംബേദ്കർ പാർക്കിലേക്ക് നടക്കുന്ന പദയാത്രയിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ബീഹാറിലെ വോട്ടർ അധികാർ യാത്ര വലിയ വിജയമായിരുന്നുവെന്നാണ് വിലയിരുത്തൽ. വോട്ടു കൊള്ളയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുത്തുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യം.
Tag: Voter adhikar yathra concludes today; India alliance leaders will join the march