Kerala NewsNewsPolitics

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്,‌ എല്‍.ഡി.എഫ് വീണ്ടും വി.പി സാനുവിനെ ഇറക്കുന്നു

പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നുള്ള മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ടിക്കറ്റില്‍ വി.പി സാനു മത്സരിക്കും. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ടും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.

നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ല്‍ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതുവോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോള്‍ സാനു 3,29,720 വോട്ട് നേടി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ സൈനബ നേടിയതിനേക്കാള്‍ 86,736 വോട്ട് അധികം നേടാന്‍ 2019-ല്‍ സാനുവിന് കഴിഞ്ഞു.

രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞുവീശിയ 2019-നെ അപേക്ഷിച്ച്‌ ഇത്തവണ മണ്ഡലത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരിചയസമ്ബത്ത് സാനുവിന് ഗുണം ചെയ്യുമെന്നുമാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എം.പി അബ്ദുസ്സമദ് സമദാനിയെ ആണ് പരിഗണിക്കുന്നത് എന്നാണ് സൂചന.

2019 തെരഞ്ഞെടുപ്പിലെ പ്രചരണ പരിചയവുമുള്ള വി.പി സാനുവിന്റെ സാന്നിധ്യവും നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറത്ത് മുതലെടുക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. നിര്‍ണായ ബില്ലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്താതിരുന്നത് എല്‍.ഡി.എഫ് കഴിഞ്ഞ തവണ പ്രചരണത്തില്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു. ഇത്തവണ, കാലാവധി പൂര്‍ത്തിയാകുംമുമ്ബ് മുസ്ലിം ലീഗ് എം.പി രാജിവെച്ച്‌ മടങ്ങിയത് എല്‍.ഡി.എഫ് സജീവ ചര്‍ച്ചാവിഷയമാക്കിയേക്കും.

മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചരണം ആരംഭിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്ലീം റഹമാനിയാണ് ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജി വെച്ചത് ചര്‍ച്ചയാക്കി നേട്ടമുണ്ടാക്കാമെന്നാണ് എസ്.ഡി.പി.ഐ കണക്ക് കൂട്ടല്‍. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ വേങ്ങരയില്‍ നടന്ന കണ്‍വെന്‍ഷനോടെയാണ് എസ്.ഡി.പി.ഐ ലോക്‌സഭാ മണ്ഡലത്തിലെ പ്രചരണം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button