75-ാം സ്വാതന്ത്ര്യ ദിന ആശംസകള്‍ അറിയിച്ച് മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്‍
തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്‍ കേരള ജനതയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. പൊരുതിയും ത്യാഗങ്ങള്‍ സഹിച്ചും ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ആളുകളെ ഓര്‍ത്തായിരിക്കണം ഓരോ സ്വാതന്ത്യ ദിനവും കടന്നു പോകേണ്ടതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍.
സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് വി.എസ്. അച്യുതാനന്ദന് ആശംസകള്‍ അറിയിച്ചത്. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്.
അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഊര്‍ജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേര്‍തിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും.
എന്നാല്‍, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന സകലമാന ജനതതികള്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്