വിപ്ലവ ഭൂമിയിൽ വീണ്ടും വി.എസ്; വിലാപ യാത്ര ആലപ്പുഴയിലെത്തി
കേരളത്തിന്റെ സമരചരിത്രം രൂപപ്പെടുത്തിയ നാട്ടിലേക്ക് വി.എസ് വീണ്ടും എത്തി. തലസ്ഥാനത്ത് നിന്നും ഇന്നലെ ഉച്ചക്ക് കൃത്യം രണ്ടുമണിക്ക് ആരംഭിച്ച വിലാപയാത്ര, ആലപ്പുഴയിൽ പുലർച്ചെ ഒരു മണിക്ക് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ യാത്ര 16 മണിക്കൂർ പിന്നിട്ടപ്പോഴും കരുനാഗപ്പള്ളി വരെ എത്താനെ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു.
നിശ്ചയിച്ച സമയക്രമങ്ങൾ മാറ്റിവെച്ച്, ജനഹൃദയങ്ങളിൽ നിന്നുള്ള സ്നേഹചൂടിൽ കുതിച്ചുകൊണ്ടാണ് ആ യാത്ര മുന്നേറിയത്. കനത്ത മഴയെ പോലും വകവയ്ക്കാതെ വി. എസിനായി ജനം കാത്തു നിന്നു. ഹൃദയസ്പർശിയായ ദൃശ്യങ്ങൾ. മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വിഎസിന്റെ സ്മരണയിൽ മുന്നേറുന്ന ജനപ്രവാഹം. അതുവഴിയാണ് ആ യാത്ര, ഇപ്പോൾ ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്കു കടക്കുന്നത്.
മൃതശരീരം ആദ്യം എത്തിക്കുന്നത് പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ്. തുടർന്ന്, തിരുവമ്പാടി സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ്, അതിനുശേഷം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലായിരിക്കും പൊതുദർശനം. രാവിലെ 10 മണിക്ക് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മണിക്ക് കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നടക്കുക. പിന്നീട്, സംസ്കാരം വലിയ ചുടുകാട്ടിൽ നടക്കും.
Tag:VS again in revolutionary land; Mourning procession reaches Alappuzha