Kerala NewsLatest NewsNewsPolitics

പിണറായിയെ വെട്ടാന്‍ വിഎസിന്റെ തുരുപ്പ്; പണി കൊടുത്തത് ഭാര്യയെ തോല്‍പ്പിച്ച്

കൊല്ലം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വിയാണ്. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ തോല്‍ക്കാന്‍ കാരണം അവരുടെ ഭര്‍ത്താവും ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ ബി. തുളസീധരക്കുറുപ്പാണെന്ന് പാര്‍ട്ടി കമ്മീഷന്‍ തന്നെ കണ്ടെത്തി. വി.എസ്. അച്യുതാനന്ദന്റെ മാനസപുത്രന്‍ എന്ന വിശേഷണം ലഭിച്ച ഡിവൈഎഫ്‌ഐ മുന്‍ നേതാവും ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ പി.ആര്‍. വസന്തനെ തരംതാഴ്ത്തുകയും തുളസീധരക്കുറുപ്പിന് താക്കീത് നല്‍കുകയും ചെയ്തു.

കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വസന്തനെക്കൂടാതെ എന്‍.എസ്. പ്രസന്നകുമാറിനെയും തരം താഴ്ത്തി. തുളസീധരക്കുറുപ്പിനു പുറമെ നാലു പേര്‍ക്ക് താക്കീതും നല്‍കി. കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജയിച്ചിട്ടും നിയമസഭ സീറ്റില്‍ ജയം ഉറപ്പിക്കാന്‍ കഴിയാതെ പോയതു നേതാക്കളുടെ വീഴ്ചയാണ്. വിഎസ് പക്ഷത്തെ പ്രമുഖനായിരുന്ന തൃശൂരിലെ ടി. ശശിധരനെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പു യോഗം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന വസന്തന്‍ താത്പര്യം കാട്ടിയപ്പോള്‍ കനയ്യകുമാറിനെപ്പോലുള്ളവരുടെ യോഗങ്ങളോട് ഗൗരവം കാട്ടിയില്ല.

കരുനാഗപ്പള്ളിയില്‍ സിപിഐ നേതാവ് ആര്‍. രാമചന്ദ്രനായിരുന്നു സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി ജയപരാജയം ഉറപ്പാക്കുന്നതല്ല പതിവെന്നും സംഘടനാമികവാണു പ്രധാനമെന്നും മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ പരാമര്‍ശങ്ങള്‍ക്കു മറുപടിയെന്നോണം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവരുടെ ഭര്‍ത്താവിനെതിരെ നടപടി വരുന്നത്. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അട്ടിമറിയാണ് കുണ്ടറയിലെ തോല്‍വിക്ക് പിന്നിലെന്ന വിമര്‍ശനവും അതിശക്തമാണ്. എന്തായാലും പാര്‍ട്ടിയില്‍ വിഎസ് പക്ഷത്തെ ബാക്കി വരുന്നവരെയും വെട്ടിനിരത്താനുള്ള തീരുമാനം ഓരോന്നോരാന്നായി നടപ്പാക്കി വരികയാണ്.

ഇതിന്റെ പ്രതിഫലനമെന്നോണം കുറച്ചുപേര്‍ സംഘടന വിടാനും സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മേഴ്‌സിക്കുട്ടിയമ്മയുടെ താന്‍ പ്രമാണിത്തവും മണ്ഡലത്തിലെ ജനങ്ങളോടുള്ള അഹങ്കാരപൂര്‍ണമായ പെരുമാറ്റവും തോല്‍വിക്ക് കാരണമായെന്ന് സിപിഎം നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗ് എസ്. രാജേന്ദ്രനായിരുന്നു കണ്‍വീനര്‍. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ്, ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ശിവശങ്കരപ്പിള്ള എന്നിവര്‍ കമ്മിറ്റി അംഗങ്ങളും. എന്തായാലും തോല്‍വിയുടെ തീവ്രത അളക്കാനുള്ള മാപിനികളൊന്നും ഈ കമ്മിറ്റി കണ്ടെത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button