വേലിക്കകത്ത് വീട്ടിലേക്ക് ഇനി വി.എസ് എത്തില്ല; മൃതദേഹം ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി

സമരോത്സുകതയ്ക്ക് വേരുപാകിയ വേലിക്കകത്ത് വീട്ടിലേക്ക് ഇനി വി.എസ് എത്തില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ നിന്ന് ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. ജനപ്രവാഹത്തെ തുടർന്ന് നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് വിഎസിൻ്റെ മടക്ക യാത്ര.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിഎസിൻ്റെ വിലാപയാത്ര 22 മണിക്കൂർ കൊണ്ടാണ് പുന്നപ്രയിലെ വീട്ടിലേക്ക് എത്തിയത്.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിനാളുകൾ രാവിലെ മുതല്‍ വി.എസിന്റെ വീട്ടിലെത്തി കാത്തുനില്‍ക്കുകയായിരുന്നു.
തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് അര മണിക്കൂറിനുള്ളിൽ പൊതുദർശനം പൂർത്തിയാക്കി ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്ര നീങ്ങും. പൊതുജനങ്ങൾക്ക് ഇവിടെയും വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്.
Tag: VS will no longer be able to return home to Velikakat; his body was taken to the CPM district committee office in Alappuzha