പൈപ്പില്‍ വെള്ളമില്ലെന്ന് രാജേഷ്: തുറന്ന് വെള്ളം കുടിച്ച് ബല്‍റാം
തൃത്താല: ആദ്യം പൈപ്പിലൂടെ വായുമാത്രം വരുന്നു, പേരിന് ഒരു തുള്ളി വെള്ളം പോലുമില്ല. പിന്നീട് അല്‍പസമയത്തിന് ശേഷം മറ്റൊരാള്‍ പൈപ്പ് തുറക്കുമ്ബോള്‍ പൈപ്പില്‍ നിന്ന് ശക്തിയായി വെള്ളം വരുന്നു. കശാമുക്ക് പ്രദേശവാസികള്‍ നേരില്‍ കണ്ട കാഴ്ചയാണിത്.
തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളം ലഭ്യമല്ലെന്ന് വ്യക്തമാക്കി എം.ബി രാജേഷിന്റെ വിഡിയോ. പിന്നാലെ ഈ വിഡിയോ വ്യാജമാണെന്ന വാദവുമായി മറുവിഡിയോ ചെയ്ത് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഇതോടെ സത്യാവസ്ഥ മനസിലാകാതെ പൊതുജനം.
കുടിവെള്ള പ്രതിസന്ധിയിലാണ് നാട് എന്ന് വ്യക്തമാക്കാന്‍ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതില്‍ നിന്നും വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി.രാജേഷിന്റെ വിഡിയോ. ഈ വിഡിയോ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.
ഇതു ശ്രദ്ധയില്‍പെട്ട ബല്‍റാം ഇതേ സ്ഥലത്തെത്തി. അവിടെ താമസിക്കുന്ന പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് തന്നെ പൈപ്പ് തുറപ്പിച്ചു. അതില്‍ നിന്നുള്ള വെള്ളം കൈകളില്‍ കോരിയെടുത്താണ് വ്യാജപ്രചാരണമെന്ന് ബല്‍റാം പറയുന്നത്.കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റര്‍ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബല്‍റാം വിഡിയോയില്‍ പറയുന്നു. യു.ഡി.എഫ് കേന്ദ്രങ്ങള്‍ മറുവിഡിയോയും പ്രചരിപ്പിക്കുന്നതോടെ കുടിവെള്ളപ്പോര് മണ്ഡലത്തില്‍ രൂക്ഷമായി. ഇതോടെ പല ഭാഷ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക്. ഏതായാലും സത്യമറിയാന്‍ താരമായ പൈപ്പ് തേടി ആളുകളെത്തുന്നുമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തിലും സമാനമായ വിവാദം തലപൊക്കിയിരുന്നു. കിണറില്‍ ഇറങ്ങി കുടിവെള്ളം പരിശോധിച്ചതായിരുന്നു അന്നത്തെ ചര്‍ച്ച. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് രാജേഷിനെ ഉപദേശിച്ചാണ് ബല്‍റാം വിഡിയോ അവസാനിപ്പിക്കുന്നത്. തൊട്ടുപിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ട്രോളും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.