CrimeKerala NewsLatest NewsUncategorized

‘വൈഗയെ ഞെരിച്ചുകൊന്നു’; കുറ്റസമ്മതം നടത്തി സനു മോഹൻ; മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്

കൊച്ചി: വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്‌ നാഗരാജു. ഇക്കാര്യം സനുമോഹൻ സമ്മതിച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകൾ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പൊലീസ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചോദ്യം ചെയ്യൽ തുടരുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച്‌ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സനു മോഹന്റെ മൊഴി. കടബാധ്യത കാരണമുള്ള ടെൻഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച്‌ കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രതി തുടർച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണർ പറഞ്ഞു. –

സനുമോഹനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം വീണ്ടും ചോദ്യംചെയ്യും. കൊലപാതകം എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച്‌ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. വാളയാറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്. പൊലീസ് സംഘങ്ങൾ തുടർന്ന് വിവിധയിടങ്ങളിലായി തിരച്ചിൽ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയതിന് ശേഷമാണ് സനുമോഹൻ കൊല്ലൂർ മൂകാംബികയിൽ എത്തിയത്. ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിച്ചാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയതെന്നും കമ്മീഷണർ വ്യക്തമാക്കി.

വൈഗയുടെ ആന്തരികാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ചും ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. തെളിവുകൾ ശേഖരിക്കണം. സനുമോഹന്റെ ഭാര്യയെയും അടുത്തബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങൾ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയിൽ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. ഫ്‌ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്ന് പറയാറായിട്ടില്ല. പ്രതി തുടർച്ചയായി മൊഴി മാറ്റി പറയുന്നതിനാൽ കേസിൽ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും വേണമെന്നും എച്ച്‌.നാഗരാജു വിശദീകരിച്ചു.

മാർച്ച്‌ 21ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഒരു മിസിങ് കേസ് റജിസ്റ്റർ ചെയ്തതിൽനിന്നായിരുന്നു തുടക്കം. തൊട്ടടുത്ത ദിവസം ഒരു പെൺകുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിന് കളമശേരിയിലും കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണത്തിലാണ് ഇത് അച്ഛനും മകളുമാണെന്നും പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നും തിരിച്ചറിഞ്ഞത്. സനു മോഹൻ ജീവിച്ചിരിക്കുന്നതായി പൊലീസ് ആദ്യം സ്ഥിരീകരിച്ചത് വാളയാറിൽ കാർ കടന്നു പോകുന്നതിന്റെ ദൃശ്യം ലഭിച്ചതിലൂടെയായിരുന്നു. എട്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പ്രവർത്തനം. യാതൊരു ഡിജിറ്റൽ തെളിവുകളും ബാക്കി വയ്ക്കാതിരുന്നത് ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം ദുഷ്കരമാക്കി. തുടർന്നു കഴിഞ്ഞ ദിവസം കൊല്ലൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇന്നലെ ഇയാളെ പിടികൂടിയത്. പല സ്ഥങ്ങളിൽ കറങ്ങിക്കറങ്ങിയാണ് ഇയാൾ കർണാടകയിലെ കാർവാറിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button