വാളയാർ മദ്യദുരന്തം മരണം 5 ആയി, പിന്നിൽ വ്യാജ സ്പിരിറ്റ്.

പാലക്കാട് വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ നാല് പേർ മരിക്കാനിടയായ സംഭവത്തിന് പിന്നിൽ സാനിറ്റൈസർ നിർമിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് ഉള്ളിൽ ചെന്നതാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇത് തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന വ്യാജ സ്പിരിറ്റാണെന്നാണ് വിവരം. വാളയാറിൽ മദ്യമെന്ന പേരിൽ വിൽപനയ്‌ക്കെത്തിച്ച ദ്രാവകത്തിന്റെ സാമ്പിൾ പോലീസ് എടുത്തിരുന്നു. സംഭവത്തിൽ അഞ്ചു പേരാണ് ഇതിനകം മരണപ്പെട്ടത്. അരുൺ (22) ആണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്. അവശനിലയിലായ ഒൻപതു പേരിൽ രണ്ട് പേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് ദുരൂഹ സാഹചര്യത്തിൽ മൂന്നുപേർ മരണപ്പെടുന്നത്. രാമൻ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ ആദ്യം കാണുന്നത്. തുടർന്ന് ഒരു മണിയോടെ കോളനിയിലെ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിറകെയാണ് തിങ്കളാഴ്ച രാവിലെ ഇവർക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവൻ മരണപ്പെടുന്നത്. തുടർന്ന്, നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വാളയാർ പയറ്റുകാട് കോളനിയിലെ രാമൻ (65), അയ്യപ്പൻ (63), ശിവൻ (45),അരുൺ (22), മൂർത്തി എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂർത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങിയതിനു പിറകെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാരായ രൂപത്തിലുള്ള മദ്യം കുടിച്ച മറ്റ് ഒൻപതു പേർ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ അരുൺ, ചെല്ലപ്പൻ എന്നിവരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. മരിച്ച അയ്യപ്പന്റെ മകനാണ് അരുൺ, വ്യാജമദ്യം കുടിച്ച മൂന്ന് സ്ത്രീകൾക്ക് ഡയാലിസിസിന് നിർദ്ധേശിച്ചിരിക്കുകയാണ്.
മൂന്നു പേരും മരണമടഞ്ഞതിനെ തുടർന്നാണ് വ്യാജമദ്യമാണോ എന്ന് നാട്ടുകാർക്ക് സംശയമുണ്ടാകുന്നത്. ഇവർ ഞായറാഴ്ച സംഘം ചേർന്ന് മദ്യപിച്ചിരുന്നു. വീര്യം കൂട്ടാനായി ഏതെങ്കിലും രീതിയിലുള്ള വ്യാജ വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
സാനിറ്റൈസറിൻറെ ഗന്ധം പരിസരത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ ആണ് പൊലീസിനോട് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ എന്നാണു പോലീസ് പറയുന്നത്. സാനിറ്റെസർ നിർമിക്കാനുപയോഗിക്കുന്ന സ്പിരിറ്റാണ് മദ്യമെന്ന പേരിൽ ഇവർ കുടിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും എക്‌സൈസും ഉള്ളത്. മരിച്ച സഹോദരങ്ങളായ ശിവനും, മൂർത്തിയും വിൽപ്പനയ്ക്കായെത്തിച്ചതാണ് വ്യാജമദ്യമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.