ഗതികെട്ട കാലത്തും പ്രവാസികളെ മുതലെടുത്ത് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാം എന്നറിയിച്ചതോടെ വിമാനക്കമ്ബനികള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി. എന്നാല്‍, ഒറ്റദിവസം കൊണ്ട് ഇരട്ടിയിലേറെ തുകയാണ് ടിക്കറ്റിനത്തില്‍ കുതിച്ചുയര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 750 ദിര്‍ഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് വൈകുന്നേരത്തോടെ 2000 ദിര്‍ഹമായി (40,000 രൂപ) ഉയര്‍ന്നു.
ആഗസ്റ്റ് ഏഴ് മുതലാണ് പല വിമാനക്കമ്ബനികളും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാല്‍, ടിക്കറ്റുകളില്‍ പലതിനും അപ്രൂവല്‍ ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നാട്ടില്‍പെട്ടുകിടക്കുന്നവര്‍ എത്ര തുക നല്‍കിയും യാത്ര ചെയ്യാന്‍ തയാറാകുന്ന സാഹചര്യം മുതലെടുത്താണ് എയര്‍ലൈനുകള്‍ നിരക്ക് കുത്തനെ കൂട്ടിയത്. ലക്ഷക്കണക്കിനാളുകളാണ് വരാനുള്ളത്. ഖത്തര്‍, അര്‍മീനിയ, ഉസ്ബകിസ്താന്‍ വഴി ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് പലരും വരുന്നത്. ഈ സാഹചര്യത്തില്‍ വന്‍ തുക മുടക്കാന്‍ യാത്രക്കാര്‍ തയാറാകുമെന്ന് അറിയാവുന്ന എയര്‍ലൈനുകള്‍ യാത്രക്കാരുടെ കുത്തിനുപിടിക്കുന്ന നിരക്കാണ് ഈടാക്കുന്നത്.
അതേസമയം, യു.എ.ഇ അധികൃതര്‍ അനുമതി നല്‍കിയതിനാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
ഇന്ത്യ, പാകിസ്താന്, നേപാള്‍, ശ്രീലങ്ക, യുഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികര്‍ക്കാണ് അനുമതി. കൂടാതെ, അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിസ്റ്റ് വിസക്കാര്‍ക്കും യാത്ര ചെയ്യാം.