ബക്രീദിന് ഇളവ് നല്‍കുന്നതില്‍ കേരളം ഇന്നു തന്നെ മറുപടി പറയണമെന്ന് സുപ്രീം കോടതി
തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച്് കോവിഡ് നിന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവിശ്യം തളളി സുപ്രീം കോടതി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പി.കെ.ഡി. നമ്പ്യാരാണ് ഇളവ് നല്‍കിയത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.
‘ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ പൗരന്മാരുടെ ജീവിതവുമായി കളിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ ഗുരുതരമായ സാഹചര്യത്തില്‍ നിരപരാധികളായ പൗരന്മാരുടെ ആരോഗ്യവും ജീവിതവും ത്യജിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്നും ഹര്‍ജിക്കാരന്‍ പി.കെ.ഡി. നമ്പ്യാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രീതി സിങ് പറഞ്ഞു. നാളെ രാവിലെ ആദ്യത്തെ കേസായി ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
മെഡിക്കല്‍ അസോസിയേഷനുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും, കേരളത്തിലും മഹാരാഷ്ട്രയിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍ക്കാരിന്റെ തീരുമാനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു മതാഘോഷത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.