യുവതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത
പയ്യാനക്കല്‍ യുവതി കടലില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ സജിത (25) കോതി പാലത്തില്‍ നിന്ന് കടലില്‍ ചാടി മരിച്ച സംഭവം ആത്മഹത്യ അല്ലെന്നും യുവതിയെ കടലില്‍ തള്ളിയിട്ടതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ജനുവരി 11ന് രാവിലെ 11 ഓടെയാണ് യുവതി കടലില്‍ വീണത്. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളില്‍ യുവതിയെ രക്ഷപെടുത്തി ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 12ന് വൈകിട്ട് യുവതി മരണമടയുകയായിരുന്നു.
സജിതയുടെ സഹപ്രവര്‍ത്തകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി അനൂപ് ആണ് യുവതിയുടെ ജീവിതം തകര്‍ത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അനൂപ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവം ചര്‍ച്ചയായതോടെ നാണക്കേട് കാരണം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ അനൂപ്, സജിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. കേസ് പിന്‍വലിക്കണമെന്നായിരുന്നു അനൂപ് ആവശ്യപ്പെട്ടത്. എന്നാല്‍, വിവാഹശേഷം കേസ് പിന്‍വലിക്കാമെന്ന് സജിത നിലപാടെടുത്തു. ഇതോടെ, ഇയാള്‍ സജിതയെ വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പൊലീസിനു നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.