വേണ്ടപ്പെട്ടവന് വേണ്ടി പാര്‍ട്ടി നിലപാടിലും വെള്ളം ചേര്‍ക്കും
തിരുവനന്തപുരം: ആശ്രിതവാത്സല്യം കാരണം ഭരണം വരെ നഷ്ടപ്പെട്ട ചരിത്രമുള്ള നേതാക്കളുടെ നാടാണ് കേരളം. തനിക്ക് വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന നേതാവാണ് പിണറായി വിജയനെന്ന് കേരളത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. അക്കാര്യം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ഇപ്പോള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ. എന്‍. വാസു തുടരുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ തുടര്‍ച്ച വേണ്ടെന്ന ശക്തമായ തീരുമാനമെടുത്ത പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ അത് വാസുവിന് ബാധകമായേക്കില്ല. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ശക്തമായ നിലപാടാണ് വാസുവിനെ ബോര്‍ഡിന്റെ പ്രസിഡന്റാക്കിയത്. എ. പത്മകുമാര്‍ എന്ന മുന്‍ സിപിഎം എംഎല്‍എ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞതാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്.
ഹൈന്ദവ സംഘടനകള്‍ ദേവസ്വം ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ക്കെതിരെ നിന്നതും കൊറോണ വൈറസ് വ്യാപനവും ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാക്കി. എന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡില്‍ നിന്നും കോടികള്‍ സംഭാവന നല്‍കി പിണറായിയുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റിയ ആളാണ് വാസു. അതിനാല്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം വാസുവിന് തന്നെ നല്‍കണമെന്ന തന്റെ കര്‍ശന നിര്‍ദേശം പിണറായി പാര്‍ട്ടിക്കും ദേവസ്വം മന്ത്രിക്കും നല്‍കി.
തിരുവായ്ക്ക് എതിര്‍വായില്ലാത്തതിനാല്‍ ആ നിര്‍ദേശം ശിരസാവഹിച്ച് വാസുവിന് രണ്ടാം ടേമും നല്‍കാന്‍ അവര്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. അതിനിടെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ കാലാവധിയും അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തി. നിലവിലെ ചെയര്‍മാനും ഈ കാലാവധി ബാധകമാകും.
മുഖ്യമന്ത്രിയുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് നിലവിലത്തെ ചെയര്‍മാന്‍ അഡ്വ. രാജഗോപാലന്‍ നായര്‍. അദ്ദേഹത്തിന് വേണ്ടിയാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭരണകാലാവധി നീട്ടിയതെന്നാണ് ആരോപണം. നിലവില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. എന്തായാലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ താനറിയാതെ ഒരു ഇലപോലും അനങ്ങില്ലെന്ന കാര്യം പിണറായി വിജയന്‍ അരക്കിട്ടുറപ്പിക്കുകയാണ്.