ആദ്യ സൂചനകൾ ലഭിച്ചു; കേരളത്തിൽ കാലവർഷം ജൂൺ 1ന് തന്നെ
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ജൂൺ ഒന്നിന് തന്നെ കാലവർഷം എത്തുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചു കഴിഞ്ഞു. ആദ്യ സൂചനകളാണ് ലഭിച്ചിരിക്കുന്നതെന്നും ഭൗമ മന്ത്രാലയം അറിയിച്ചു.
തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് തന്നെ കേരളത്തിൽ എത്തും. വ്യാഴാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ രണ്ടാം ഘട്ട പ്രവചനമായ എക്‌സറ്റൻഡഡ് റേഞ്ച് ഫോർകാസ്റ്റിലാണ് (ഇആർഎഫ്) പ്രവചനം. മേയ് 15ന് കാലാവസ്ഥാ വകുപ്പിന്റെ മൂന്നാം ഘട്ട പ്രവചനം ‘ലോംഗ് റേഞ്ച് ഫോർകാസ്റ്റ്’ (എൽആർഎഫ്) പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി സാധാരണ രീതിയിലാകും കാലവർഷം ലഭിക്കുകയെന്ന് ഭൗമ മന്ത്രാലയ സെക്രട്ടറി എം. രാജീവൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും കേരളത്തിൽ ശരാശരിയിൽ അധികം മഴ ലഭിച്ചിരുന്നു. നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴയും ലഭിക്കുന്നുണ്ട്. ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.