തന്റെ കാര്‍ തകര്‍ത്തയാള്‍ക്ക് ജാമ്യം നല്‍കരുത്: ജോജു
കൊച്ചി: തന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് നടന്‍ ജോജു ജോര്‍ജ് കോടതിയില്‍. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരം വന്‍ സംഘര്‍ഷമാവുകയായിരുന്നു. ഇതിനിടെയാണ് ജോജുവിന്റെ കാറിന് നാശനഷ്ടം സംഭവിച്ചത്. തൈക്കൂടം പി.ജി ജോസഫ് ആണ് കേസിലെ പ്രതി.
പ്രതിഷേധത്തിനിടെ തന്റെ കാറിന്റെ ഡോര്‍ സമരക്കാര്‍ ബലമായി തുറന്ന് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്ന് ജോജു കോടതിയില്‍ പറഞ്ഞു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിന് ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്നും തനിക്കെതിരായ ആരോപങ്ങള്‍ തെറ്റാണെന്നും താരം കോടതിയില്‍ വ്യക്തമാക്കി. പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു.
എന്നാല്‍ കേസില്‍ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. എന്നാല്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസഫ് വാദിച്ചു. നേരത്തെ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി വാദിച്ചു. ജോജു കോണ്‍ഗ്രസ് വിവാദം ഒത്തുത്തീരാനുള്ള സാധ്യത നീളുകയാണ്.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് ഇന്ന് രാവിലെയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വന്‍ സംഘര്‍ഷമായി തീര്‍ന്ന സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് ഇരു കൂട്ടരും സമ്മതിച്ചെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെയാണ് ജോജുവിന്റെ നടപടി.