ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ‘വെസ്റ്റ് ആർക്ടിക്’ എന്ന ഇല്ലാത്ത രാജ്യത്തിൻ്റെ പേരിൽ വ്യാജ എംബസി സ്ഥാപിച്ച ഹർഷവർധൻ ജെയിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. വിദേശ ജോലിക്ക് തട്ടിപ്പ് നടത്തുന്നതിനും ഹവാല ഇടപാടുകൾക്കും ഈ വ്യാജ എംബസി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. 2017 മുതൽ ഈ വ്യാജ എംബസി പ്രവർത്തിച്ചുവരികയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
‘ഗ്രാൻഡ് ഡച്ച് ഓഫ് വെസ്റ്റ് ആർക്ടിക് – HEHV ജെയിൻ ഓണററി കോൺസൽ’ എന്ന ബോർഡുമായി ഗാസിയാബാദിലെ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എംബസിക്ക് പുറത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന മറവിൽ ഭണ്ഡാരങ്ങളും സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പതാകയോടൊപ്പം വെസ്റ്റ് ആർക്ടിക്കെന്ന വ്യാജരാജ്യത്തിന്റെ പതാകയും ജെയിൻ സ്ഥാപിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ പ്രമുഖരോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ചും, ഓഫീസിൽ വച്ചും തന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വ്യാജ എംബസി ഇടപാടുകളിൽ ഉൾപ്പെട്ടതായി 44.7 ലക്ഷം രൂപയും വിദേശ കറൻസിയും, 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകളും, 18 നയതന്ത്ര വാഹനപ്ലേറ്റുകളും, വ്യാജ സർക്കാർ രേഖകളും പോലീസ് ഹർഷവർധൻ ജെയിനിൽ നിന്ന് പിടിച്ചെടുത്തു.
‘വെസ്റ്റ് ആർക്ടിക്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറൽ എന്ന പേരിൽ ജെയിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
47 കാരനായ ഹർഷവർധൻ ജെയിൻ ലണ്ടൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്നും, ഗാസിയാബാദിലെ ഐടിഎസ് കോളജിൽ നിന്നും എംബിഎ ബിരുദങ്ങൾ നേടിയിട്ടുണ്ട്. പിതാവ് ഗാസിയാബാദിലെ ബിസിനസുകാരനും രാജസ്ഥാനിലെ മാർബിൾ ഖനികളുടെ ഉടമയും ആയിരുന്നു. പിതാവിന്റെ മരണത്തോടെ ബിസിനസുകൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് ജെയിൻ ലണ്ടനിലേക്ക് കുടിയേറിയതും നിരവധി വ്യാജ കമ്പനികൾ ആരംഭിച്ചതും.
പണം ഒളിപ്പിക്കാൻ ഈ കമ്പനികളെ ജെയിൻ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സൗദി ആയുധ ഇടപാടുകാരനായ അദ്‌നാൻ ഖഷോഗിയുമായും വിവാദ ഗുരു ചന്ദ്രസ്വാമിയുമായും ജെയിന് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ദുബൈയിലും ജെയിൻ ബിസിനസുകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനു മുൻപും 2011-ൽ നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിനായി ജെയിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Tag: ‘West Arctic’; Fraud in the name of a non-existent country, more evidence emerges against Harshvardhan Jain