പശ്ചിമ ബംഗാൾ കൂട്ടബലാത്സംഗം; മൂന്ന് പേർ അറസ്റ്റ്; അന്വേഷണം വ്യാപിക്കുന്നു

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിൽ മെഡിക്കൽ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ പിടിയിലായവരുടെ വ്യക്തിഗത വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊൽക്കത്തയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദുര്‍ഗാപൂർ മെഡിക്കൽ കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. കോളജ് വളപ്പിനകത്ത് വച്ച് തന്നെയാണ് അതിക്രമം നടന്നത്.
അറസ്റ്റിലായ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
പിടിയിലായവരിൽ ഒരാൾ തന്റെ മൊബൈൽ ഫോണിലൂടെ മറ്റൊരാളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായാണ് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വല കൂടുതൽ വിപുലമായത്.
ഇരയായ വിദ്യാർത്ഥിനിയോടും അവളുടെ സുഹൃത്തുക്കളോടും പൊലീസ് കൂടുതൽ വിവരങ്ങൾ തേടാനിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ ചില ജീവനക്കാരെയും ചോദ്യം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിശദമായി പരിശോധിക്കുകയാണ് പൊലീസ്.
അതിനിടെ, അതിക്രമത്തിന് ഇരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളജിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. രാത്രി ഏകദേശം 8.30ഓടെ ആണ്‌സുഹൃത്തിനൊപ്പം കോളജ് ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഗേറ്റിന് സമീപം എത്തിയ അക്രമി പെൺകുട്ടിയെ പിടിച്ച് ആശുപത്രിയുടെ പിന്നാമ്പുറത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുമ്പെയാണ് പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനിക്കെതിരെ ഇത്തരം അതിക്രമം നടക്കുന്നത്.
Tag: West Bengal gang rape; Three arrested; investigation widens