Kerala NewsLatest NewsUncategorized

സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധം; കേരള സർവകലാശാല നടത്തിയ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. 58 അധ്യാപക നിയമനങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്.

അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ: ജി. രാധാകൃഷ്ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മി എന്നിവർ ഫയൽ ചെയത ഹർജിയിന്മേലാണ് ഉത്തരവ്. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേർത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായി കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

2017-ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്. മുൻ എം.പി. പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ബിയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സറായുള്ള നിയമനവും ഇക്കൂട്ടത്തിൽപെടും.

കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ സമാനരീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംസ്കൃത സർവകലാശാലയിൽ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button