”’കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’എന്ന ചൊല്ലാണ് പിണറായിയും സ്റ്റാലിനും ചേർന്ന് നടത്തുന്ന അയ്യപ്പ സംഗമം കേട്ടപ്പോൾ ഓർമ്മ വരുന്നത്”; എ. പി. അബ്ദുള്ളക്കുട്ടി
“കാട്ടുകോഴിക്ക് എന്ത് സംക്രാന്തി” എന്ന ചൊല്ലാണ് ദൈവനിഷേധികളായ പിണറായിയും സ്റ്റാലിനും ചേർന്ന് നടത്തുന്ന അയ്യപ്പ സംഗമം കേട്ടപ്പോൾ ഓർമ്മ വരുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി. അബ്ദുള്ളക്കുട്ടി. ബിജെപി കുടിൽത്തോട് വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയ്യപ്പ സന്നിധാനത്തോട് പിണറായിയും കൂട്ടരും നടത്തിയ ക്രൂരത വിശ്വാസികൾ ഒരിക്കലും മറക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. രാജൻ കാനങ്ങോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എം. സുരേഷ്, ഇ. പ്രശാന്ത്, ശ്രീജ സി. നായർ, അബ്ദുൽ റസാഖ്, ബിജു കുടിൽത്തോട് എന്നിവർ സംസാരിച്ചു.
ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20-ന് പമ്പാ തീരത്താണ് നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായി കണക്കാക്കപ്പെടുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി പ്രമുഖരും പങ്കെടുക്കും.
എന്നാൽ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത വിമർശനവുമായി രംഗത്തെത്തി. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ഇത്തരം പരിപാടി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. “പത്ത് വർഷമായി ഭക്തർക്കായി ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത ദേവസ്വം ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നത് വഞ്ചന മാത്രമാണ്. ഹിന്ദു വൈറസ് ആണെന്ന് പറഞ്ഞ് അവരെ നിരാകരിച്ച സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച പിണറായി വിജയനും സംഗമത്തിൽ പങ്കെടുക്കുന്നത് അപമാനകരമാണ്,” എന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Tag: What Sankranti for a wild chicken’ is the saying that comes to mind when I hear about the Ayyappa Sangam being held by Pinarayi and Stalin”; A. P. Abdullakutty