കാരായിമാര്‍ക്ക് സിപിഎം കാത്തുവയ്ക്കുന്നതെന്ത്
കണ്ണൂര്‍: ഫസല്‍ വധക്കേസ് വീണ്ടും വിവാദമായിരിക്കെ കാരായിമാര്‍ക്ക് സിപിഎമ്മില്‍ ലഭിക്കുന്ന പദവിയും പൊതു ചര്‍ച്ചയിലേക്ക്. ഫസല്‍ വധക്കേസ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി കിട്ടിയ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച ജില്ലയിലെത്തും.
പത്ത് വര്‍ഷത്തോളമായി ഇതര ജില്ലയില്‍ ഉപാധികളോടെ കഴിയേണ്ടി വന്ന കാരായി ചന്ദ്രശേഖരന്റെയും കാരായി രാജന്റെയും ജില്ലയിലേക്കുള്ള വരവ് സിപിഎമ്മിന് ആഹ്ലാദിക്കാനുള്ള വകയായിട്ടുണ്ട്. കാരായി ചന്ദ്രശേഖരന്‍ തലശേരി ഏരിയ സെക്രട്ടറിയാവാന്‍ സാധ്യയുണ്ട്. നിലവിലെ സെക്രട്ടറി എം.സി. പവിത്രന്‍ മൂന്നു തവണ സെക്രട്ടറിയായതിനാല്‍ ഇത്തവണ ഒഴിവാകും. ആ സ്ഥാനത്തേക്കായിരിക്കും ചന്ദ്രശേഖരന്റെ വരവ്.
നിലവില്‍ ഏരിയ കമ്മിറ്റി അംഗമായ ചന്ദ്രശേഖരനെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചാല്‍ അത് ഏകകണ്ഠമായി അംഗീകരിക്കപ്പെടും. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കാരായി രാജന്‍ നിലവില്‍ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. പോലീസ് കസ്റ്റഡിയില്‍ തന്നെക്കൊണ്ട് ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് പറയിപ്പിച്ചതാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പറഞ്ഞത് ശരിവച്ചുകൊണ്ട് സിബിഐ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയിട്ടുണ്ട്.
അത് കോടതി അംഗീകരിച്ചാല്‍ കാരായിമാര്‍ക്ക് ഒരുപക്ഷേ കണ്ണൂര്‍ വിടേണ്ടി വന്നേക്കാം. എന്തായാലും വീരനായക പരിവേഷം നല്‍കിയാണ് കാരായിമാരെ കണ്ണൂര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ മറനീക്കി പുറത്തുവരാന്‍ തുടങ്ങിയതോടെ ജില്ലയില്‍ പാര്‍ട്ടി നേതൃത്വം പ്രതിരോധത്തിലാണ്.
അവിടെ രണ്ട് ധീരസഖാക്കളെ അവതരിപ്പിച്ച് വിഭാഗീയത തത്കാലം പിടിച്ചുനിര്‍ത്താന്‍ നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്‍ഡിഎഫുമായി തങ്ങള്‍ക്കല്ല മറിച്ച് ആര്‍എസ്എസിനാണ് ശത്രുത എന്നുവരുത്തി തീര്‍ക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും പാഴായി പോകുന്നുണ്ട്. എന്തായാലും കണ്ണൂരിലെത്തുന്ന കാരായിമാര്‍ക്ക് കാര്യമായ സ്ഥാനം നല്‍കി ആദരിക്കാന്‍ തന്നെയാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.