ഉപയോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്
ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്താൻ വാട്‌സാപ്പ് പുതിയൊരു ഫീച്ചർ അവതരിപ്പിച്ചു. സംശയകരവും പരിചയമില്ലാത്തതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേർക്കുന്നതിനെ തടയാൻ സഹായിക്കുന്ന ‘സേഫ്റ്റി ഓവർവ്യൂ’ ആണ് പുതിയ സവിശേഷത.
കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ ഉപയോക്താവിനെ ഒരു ഗ്രൂപ്പിൽ ചേർക്കാൻ ശ്രമിക്കുന്നപ്പോൾ, സേഫ്റ്റി ഓവർവ്യൂ സ്‌ക്രീൻ സ്വയമേവ പ്രത്യക്ഷപ്പെടും. ഇന്ത്യയിൽ ഈ ആഴ്ചയ്ക്കകം ഈ സവിശേഷത ലഭ്യമാകും. ഗ്രൂപ്പ് ഇൻവിറ്റേഷനുകൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുക എന്നതാണ് വാട്‌സാപ്പിന്റെ ലക്ഷ്യം.
പുതിയ ഫീച്ചർ ഗ്രൂപ്പിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ — ആരാണ് ഗ്രൂപ്പ് സൃഷ്ടിച്ചത്, എത്ര പേർ അംഗങ്ങളാണ് തുടങ്ങിയവ — ഉപയോക്താവിന് നൽകും. കൂടാതെ പൊതുവായ സുരക്ഷാ നിർദ്ദേശങ്ങളും പ്രദർശിപ്പിക്കും. ഈ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം ഉപയോക്താവിന് ഗ്രൂപ്പിൽ തുടരാനോ പുറത്തുപോകാനോ തീരുമാനിക്കാം. തീരുമാനിക്കുന്നതുവരെ ഗ്രൂപ്പിലെ അറിയിപ്പുകൾ ഒന്നും കാണിക്കപ്പെടില്ല.
വാട്‌സാപ്പ് ദുരുപയോഗം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെതിരെ കമ്പനി ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു. ഈ വർഷം ആദ്യം തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 68 ലക്ഷം അക്കൗണ്ടുകൾ വാട്‌സാപ്പും മാതൃസ്ഥാപനമായ മെറ്റയും വിലക്കിയിരുന്നു.
Tag: WhatsApp introduces new feature to strengthen user security