ഫോണിൽ ഇന്റർനെറ്റില്ലാതെയും വാട്സ് ആപ് പ്രവർത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസർമാർ കാത്തിരുന്ന ഫീചർ ഉടൻ എത്തുന്നു

മുംബൈ: ഫോണിൽ ഇന്റർനെറ്റില്ലാതെയും വാട്സ് ആപ് പ്രവർത്തിപ്പിക്കാം. വാട്സ് ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ് ഡേറ്റുകളും നൽകുന്ന WABetaInfo – യുടെ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫോണിൽ ഇന്റർനെറ്റ് ഓഫായിരിക്കുമ്പോഴും കംപ്യൂട്ടറിൽ വാട്സ് ആപ്പിന്റെ വെബ് വേർഷൻ ഉപയോഗിക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. പരീക്ഷണ ഘട്ടമെന്ന നിലയിൽ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴി ഇത് നൽകിത്തുടങ്ങും.
ആൻഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ് ഫോമുകളിൽ വാട്സ് ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് വൈകാതെ അപ് ഡേറ്റിലൂടെ നൽകും. ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക് നാല് ഡെസ്ക് ടോപ് ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്സ് ആപ്പ് പ്രവർത്തിപ്പിക്കാം. എന്നാൽ, അത്തരത്തിൽ മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. നിലവിൽ ലക്ഷക്കണക്കിന് വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക് മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാകുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് പുതിയ വെബ് സവിശേഷതകൾ അടക്കമുള്ള അപ്ഡേറ്റ് എത്തിയേക്കും. വാട്സ് ആപ്പ് ബിസിനസ് ആപിനും സമാന ഫീചർ നൽകിയിട്ടുണ്ട്.
വാട്സ് ആപ് തങ്ങളുടെ വെബ് വേർഷനിലേക്ക് സമീപകാലത്തായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വാട്സ് ആപ് വെബ് പതിപ്പിനും ഡെസ്ക് ടോപ്പ് ആപിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസർമാർ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യത്തിനാണ് ഇപ്പോൾ കമ്പനി പരിഹാരം കാണാൻ പോകുന്നത്. ഫോണിൽ ഇന്റർനെറ്റ് കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട് സ് ആപ്പ് വെബ് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. ആ പ്രതിസന്ധി പരിഹരിക്കാനായി കൊണ്ടുവരുന്ന മൾട്ടി-ഡിവൈസ് സപോർടാണിത്.