ആകാശ വിസ്മയം കാത്ത് ശാസ്ത്രലോകം; സൂപ്പർ മൂൺ, ബ്ലഡ് പ്രതിഭാസങ്ങൾ ഇന്ന് ദൃശ്യമാകും
ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം ഇന്നുണ്ടാകുന്നതോടെ ആകാശത്ത് വിസ്മയങ്ങൾ തീർത്ത് സൂപ്പർ മൂൺ, ബ്ലഡ് മൂൺ പ്രതിഭാസങ്ങളും ദൃശ്യമാകും. ഇന്ത്യയിൽ ഉച്ചയ്ക്ക് 2.17 നും രാത്രി 7.19 നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക.
സിക്കിം ഒഴികെയുളള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഒഡീഷയിലും ഗ്രഹണത്തിന്റെ അവസാന ദൃശ്യങ്ങൾ മാത്രമാകും കാണാനാവുക.
പൂർണ്ണ ചന്ദ്രൻ ഏറ്റവും മനോഹരമായും വ്യക്തമായും കാണപ്പെടുന്ന അവസ്ഥയാണ് സൂപ്പർ മൂൺ. ഗ്രഹണ സമയത്ത് ചന്ദ്രനിലേക്ക് വളരെ നേർത്ത രീതിയിൽ പ്രകാശം പതിക്കുകയും അത് ചുവന്ന നിറമുള്ളതായി തോന്നിക്കുകയും ചെയ്യുന്നതിനെ ബ്ലഡ് മൂൺ എന്നും പറയുന്നു. ഈ രണ്ട് പ്രതിഭാസങ്ങളും ഇന്ന് സംഭവിക്കുമെന്നതിനാൽ അപൂർവ്വ ദൃശ്യ വിരുന്നിന് കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.
ഭ്രമണപഥത്തിലെ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥലമായ ‘പെരിജി’ യിൽ എത്തുമ്പോൾ പൂർണ്ണചന്ദ്രൻ ഒരു സാധാരണ പൂർണ്ണചന്ദ്രനെക്കാൾ അല്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടുന്നു,ഇതാണ് ‘സൂപ്പർമൂൺ’ എന്നറിയപ്പെടുന്നത്.
ഗ്രഹണ സമയത്ത് നേർത്ത പ്രകാശം പതിക്കുന്ന ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചുവന്ന നിറത്തിൽ മനോഹരമായി തിളങ്ങി നിൽക്കുന്ന കാഴച്ചയാണ് ബ്ലഡ് മൂൺ സമയത്തു ദൃശ്യമാകുക. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിന് കൂടുതൽ തെളിമയും മനോഹാരിതയും തോന്നുന്നത്.