ആ 30 കോടി എവിടെ? കോണ്‍ഗ്രസുകാര്‍ വീണ്ടും തമ്മിലടിയിലേക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടിക്ക് കളമൊരുങ്ങുന്നു. തിരഞ്ഞെടുപ്പുകാലത്ത് ഹൈക്കമാന്‍ഡ് നല്‍കിയ 30 കോടി കാണാതായതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി തമ്മിലടിയിലേക്ക് നീങ്ങുന്നത്. ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ് ഹൈക്കമാന്‍ഡില്‍ നിന്നും പൈസ വാങ്ങിയത്. അന്നത്തെ പിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമെല്ലാം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഓരോ അഞ്ചുവര്‍ഷവും കഴിയുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരണത്തിലേറുകയാണ് പതിവ്.
ഓഖിയും നിപ്പയും പ്രളയവും ശബരിമല യുവതി പ്രവേശനവും കൊറോണ വൈറസ് ബാധയും സ്വര്‍ണക്കടത്തുമെല്ലാം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ബിജെപിയുടെ കടന്നാക്രമണവും എല്‍ഡിഎഫിലെ പടലപ്പിണക്കങ്ങളും യുഡിഎഫിന് മുതല്‍ക്കൂട്ടായി കോണ്‍ഗ്രസ് നേതാക്കള്‍ കാണുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോണ്‍ഗ്രസിനെ പാതളക്കുഴിയിലേക്ക് തള്ളിയിട്ടു. ബിജെപിക്കാകട്ടെ സിറ്റിംഗ് സീറ്റ് നഷ്ടമാവുകയും ചെയ്തു- ഇത് തിരഞ്ഞെടുപ്പ് ഫലം.
യുഡിഎഫിന്റെയും ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന്റെയും സീറ്റിന്റെയും കണക്ക് നിരത്തി ഒരുതരത്തില്‍ ഹൈജാക്ക് ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ദേശീയനേതൃത്വം 30 കോടി രൂപ സംസ്ഥാനത്തിന് കൈമാറാന്‍ തീരുമാനിച്ചു. ഇത് അയല്‍സംസ്ഥാനത്തെ പിസിസി പ്രസിഡന്റ് നേരിട്ടെത്തി കോണ്‍ഗ്രസ് നേതാവിന്റെ ഒരു വിശ്വസ്തന് കൈമാറിയെന്നാണ് അറിയാന്‍ കഴിയുന്നത്. ഇദ്ദേഹമാണ് ഉന്നതന്റെ വിശ്വസ്തനായ കാര്യസ്ഥന്‍.
കാര്യസ്ഥന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ തന്റെ വിശ്വസ്തന് ഈ തുക കൈമാറി. തന്റെ ഗ്രൂപ്പുകാര്‍ക്ക് വീതിച്ചു നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം ഈ തുക എത്തേണ്ടവരുടെ കൈയിലെത്തി. എന്നാല്‍ കോണ്‍ഗ്രസ് തോറ്റുതൊപ്പിയിട്ടതോടെ 30 കോടിയുടെ കണക്ക് പൊങ്ങിവന്നു. വിവരം ഹൈക്കമാന്‍ഡിന്റെ മുന്നില്‍ പരാതിയായി എത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃരംഗത്ത് പേരുദോഷമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവിനോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. ഇത് വന്‍ വിഴുപ്പലക്കലിനു വഴിവയ്ക്കുമെന്നാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭയം.
തനിക്ക് ഹൈക്കമാന്‍ഡിനോട് വിശദീകരണം നടത്തേണ്ടി വന്ന സാഹചര്യം അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കുവച്ചത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിച്ചേക്കുമെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. എന്തായാലും പാര്‍ട്ടി പ്രവര്‍ത്തനത്തിനു നല്‍കിയ പണം ഒരു ഗ്രൂപ്പിനുമാത്രം വീതംവച്ചു നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ പാട്ടായിരിക്കുകയാണ്. അടുത്തു നടക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഇക്കാര്യം ചോദിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കയാണ് പല ഗ്രൂപ്പ് നേതാക്കളും.
ഇപ്പോള്‍ ചില ഉന്നതര്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ ഈ ഫണ്ട് വിഷയത്തില്‍ ഉരുത്തിരിഞ്ഞ ചില ഇടപാടുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. എന്തായാലും പുതിയ നേതൃത്വത്തിന് പിടലപ്പിണക്കം തീര്‍ത്ത് സര്‍ക്കാരിനെതിരെ സമരരംഗത്തിറങ്ങാന്‍ അടുത്തൊന്നും സാധിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഉറപ്പില്ല.