സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മൂവര്‍ണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണെന്നും ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ലെന്നും ബിന്ദു കൃഷ്ണ.

തിരുവനന്തപുരം/ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഉണ്ടായ കനത്ത പരാജയത്തിന് പിറകെ താൻ ബി.ജെ.പി ഏജന്റ് ആണെന്ന ആരോപണങ്ങൾക്ക് പ്രതികരണവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ബി.ജെ.പി ഏജന്റ് ആണ് താനെന്ന ആരോപണത്തിലായിരുന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം. പേയ്മെന്റ് റാണിയെ പുറത്താക്കുക എന്നെഴുതിയ പോസ്റ്ററുകള്‍ ബിന്ദു കൃഷ്ണക്കെതിരെ പ്രചരിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മൂവര്‍ണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണെന്നും ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ലെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നു.
ബിന്ദുകൃഷ്ണയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തി ലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്. ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അതിരാവിലെ എത്തുകയും ഭവനസന്ദർശനങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. ചൂടും വെയിലും വകവയ്ക്കാതെ, ആഹാരവും വിശ്രമവുമില്ലാതെ, വൈകിയ രാത്രികൾ വരെ പ്രസ്ഥാനത്തിൻ്റെ താഴെ തട്ടിലുള്ള സഹപ്രവർത്തകരോടൊപ്പം പര്യടനങ്ങളും പ്രവർത്തനങ്ങളും തുടർന്നു. ബ്ലോക്ക് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും പുറമേ ചില സമയങ്ങളിൽ ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.
സർക്കാരും സിപിഎമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാൽ ജനങ്ങളുടെ ചെറിയ പ്രശ്നങ്ങളിൽ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധി വരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതൽ ബന്ധം ഉള്ളവർക്കാണ് സമ്മതിദാന അവകാശം ജനങ്ങൾ നൽകുന്നത്. അത് ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ. ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ കോൺഗ്രസ്സുകാർ. നമ്മൾ കൂടുതൽ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളിൽ നിന്നും ഉൾക്കൊള്ളേണ്ടത്. ജനാധിപത്യത്തിൽ വിശ്വസിക്കുമ്പോൾ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ കഠിന പ്രയത്നങ്ങളാൽ പഞ്ചായത്തുകളിൽ ഭേദപ്പെട്ട മുന്നേറ്റം നടത്താനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കും.
2019 പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൊല്ലത്തിന് സമ്മാനിച്ചവരാണ് ഒപ്പമുള്ള ഓരോ സഹപ്രവർത്തകരും. ജനങ്ങളെയും, സാധാരണക്കാരായ പ്രവർത്തകരേയും, പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരെയും, വിശ്വസിക്കുന്നവരെയും പരിപൂർണ്ണ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം…
കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണ്.