CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ലൈഫ് മിഷൻ വിവാദം: സർക്കാറിന് കുരുക്ക് മുറുകുന്നു കമ്മീഷൻ പറ്റിയവരിൽ മന്ത്രിയുടെ മകനുമെന്ന് സൂചന

സംസ്ഥാന സർക്കാറിനെതിരെ കുരുക്കുകൾ മുറുകുന്നു. ബിനിഷ് കൊടിയേരിക്കും മന്ത്രി കെ ടി ജലീലിനുമെതിരെ പ്രതിഷേധം കടുക്കുമ്പോഴാണ് ലൈഫ് മിഷൻ വിവാദത്തിലെ വഴിത്തിരിവ് സർക്കാറിന് പുതിയ തലവേദനയാകുന്നത്. ലൈഫ്മിഷൻ പദ്ധതിയിൽ കമ്മീഷനായി സ്വീകരിച്ചുവെന്ന് കരുതുന്ന 4 കോടി രൂപ പങ്കുപറ്റിയവരിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനും ഉള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും മന്ത്രിയുടെ മകനും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങൾ അടക്കം ലഭിച്ചതായാണ് സൂചന.
ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷനായി മറിഞ്ഞ തുകയിൽ പ്രമുഖ പങ്ക് ഇയാൾക്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണം. മന്ത്രി വിദേശത്ത് ഒരു യോഗത്തിനായി പോകും മുന്നെ ഇടപാട് നടന്നുവെന്നാണ് കരുതുന്നത്. തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഹോട്ടലിൽ വച്ച് നടന്ന ഇടപാടിൽ സ്വപ്ന സുരേഷിനെയും മന്ത്രി പുത്രനെയും കൂടാതെ മറ്റൊരു ഇടനിലക്കാരനും ഉണ്ടായിരുന്നുവത്രെ. ഇവർക്ക് ലഭിച്ച രണ്ട് കോടിയിൽ 30 ലക്ഷം മൂന്നാമന് നൽകാമെന്നായിരുന്നു ധാരണ. ഇത് മന്ത്രി പുത്രൻ ലംഘിച്ചുവെന്നും അതേ തുടർന്നാണ് ഈ ഇടപാടിൻ്റെ ചിത്രങ്ങൾ പുറത്തായതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചതും.
നിലവിൽ കസ്റ്റംസ്, എൻ ഐ എ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് ഏജൻസികളാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. സ്വപ്ന സുരേഷും മന്ത്രിയുടെ മകനും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകൾ ഈ മൂന്ന് അന്വേഷണ സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ലൈഫ് മിഷൻ ഇടപാടിൽ റെഡ്ക്രസൻ്റിൻ്റെയും യുണിടാക്കിൻ്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചതും മന്ത്രി പുത്രനാവാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കരുതുന്ന യു എ എഫ് എക്സ് വീസ സ്റ്റാപിങ്ങ് ഏജൻസിയുടെ ഡയറക്ടർക്ക് മന്ത്രി പുത്രൻ ചെയർമാനായി കണ്ണൂരിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്നയുമൊത്തുള്ള ചിത്രങ്ങളുടെ കുടുതൽ വിശദാംശങ്ങൾ ലഭിച്ചാൽ മന്ത്രി പുത്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും