ബസ് യാത്രയ്ക്കിടെ അഞ്ച് പവൻ വരുന്ന മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ബസ് യാത്രയ്ക്കിടെ അഞ്ച് പവൻ വരുന്ന മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തിരുപ്പത്തൂര്‍ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയെയാണ് ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഭാരതിയാണ് മോഷ്ടാവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
നേര്‍ക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ മാലയാണ് മോഷണം പോയത്. കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് വരലക്ഷ്മി അറിഞ്ഞത്. കാഞ്ചീപുരത്തു നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. ഉടനെ പൊലീസില്‍ പരാതി നല്കി.വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഡി എം കെ പ്രവര്‍ത്തകയാണ് ഭാരതി. ഇവർക്കെതിരെ നിരവധി കേസുകളുണ്ട്. തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ എന്നിവിടങ്ങളിലാണത്. ഭാരതിയെ കോടതി റിമാന്‍ഡ് ചെയ്തു.