ഉന്നതനായ ആ സൂത്രധാരകൻ ആരാണ്?, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പോലും തകർക്കാൻ കെൽപ്പുള്ള ആ ഒളിഞ്ഞിരിക്കുന്ന വിരുതൻ?.

ആ ഉന്നതനായ സൂത്ര ധാരകൻ ആര് ?. യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതർക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ.തറപ്പിച്ച് പറഞ്ഞിരിക്കുന്നു. കോടതിയെ അറിയിച്ചിരിക്കുന്നു. കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇന്ത്യയിലും ഗൾഫിലുമുള്ള ഉന്നതർക്ക് കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ളതായി എൻ ഐ എ വ്യക്തമാക്കിയിരുന്നതാണ്. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം തകർക്കാനുള്ള നീക്കം ഉണ്ടായിട്ടുണ്ടെന്ന മുൻ നിലപാട് തന്നെ ഈ റിപ്പോർട്ടിലും എൻ.ഐ.എ ആവർത്തിച്ചിരിക്കുകയാണ്. അപ്പോൾ ഇന്ത്യയും, യു എ ഇ യുമായുള്ള നയതന്ത്ര ബന്ധം പോലും തകർക്കാൻ കെൽപ്പുള്ള ആ സൂത്രധാരകൻ ആരാണ്, ആരാണ് സ്വർണ്ണക്കടത്തിലെ ആ ഉന്നതനായ സൂത്ര ധാരകൻ ?.

ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് പുറമെ തുറമുഖം വഴിയും നിരവധി തവണ വലിയ തോതിൽ സ്വർണം കടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലേറെയും കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്നും യു.എ.ഇക്ക് പുറമെ പശ്ചിമേഷ്യയിലെ രാജ്യങ്ങളിൽ നിന്നൊക്കെ സ്വർണം കടത്തികൊണ്ട് വന്നിട്ടുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. അതീവ രഹസ്യമായി കൊണ്ടുവന്ന സ്വർണ്ണം, രഹസ്യമായി നിരവധി പേർക്ക് വിൽപ്പന നടത്തി, വൻ ലാഭമാണ് പ്രതികൾ കള്ളക്കടത്തിലൂടെ ഉണ്ടാക്കിയത്. യഥാർഥ സൂത്രധാരനെ പുറത്തുകൊണ്ടുവരാൻ ഇന്ത്യക്കകത്തും വിദേശത്തും അന്വേഷണം ആവശ്യമാണെന്നാണ് എൻ.ഐ.എ വ്യക്തമാക്കിയിട്ടുള്ളത്. പക്ഷെ ഇക്കാര്യത്തിൽ എൻ ഐ എ പേര് പരാമർശിക്കാതെ ഉന്നത സ്വാധീനമുള്ള വ്യക്തികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. അന്വേഷണം യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്കും നീങ്ങുമെന്ന സൂചന എൻ ഐ എ നൽകിക്കഴിഞ്ഞു. സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്റെയും മറ്റും, പ്രസക്തിയുള്ള മൊഴികളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും, അന്വേഷണം കോൺസുലേറ്റിലേക്കും വ്യാപിപ്പിക്കാൻ എൻ.ഐ.എ തീരുമാനിച്ചത്. ഇതിനായി യു.എ.ഇയുടെ സഹായം ഇന്ത്യ തേടുകയാണ്.
