അഴിമതിയോ, കള്ളക്കടത്തോ, കൊള്ളയോ എന്തും ചെയ്തവനാവട്ടെ.., സ്വന്തക്കാരാണോ? പാർട്ടിക്കാരനാണോ? പാർട്ടിയെ പിന്തുണക്കുന്ന ആളാണോ? പിന്നൊന്നും നോക്കേണ്ട, സംരക്ഷണം പിണറായി സർക്കാർ നൽകും.

അഴിമതിയോ, കള്ളക്കടത്തോ, കൊള്ളയോ എന്തും ചെയ്തവനാവട്ടെ.. സ്വന്തക്കാരണോ? പാർട്ടിക്കാരനാണോ?,പാർട്ടിയെ പിന്തുണക്കുന്ന ആളാണോ? പിന്നൊന്നും നോക്കേണ്ട, സംരക്ഷണം പിണറായി സർക്കാർ നൽകും. ഇതാണ് ഇപ്പോഴത്തെ നമ്മുടെ കൊച്ചു കേരളത്തിൻ്റെ നാണംകെട്ട ഗതികേട്.. സ്വർണ്ണവും നയതന്ത്ര പാർസലും ലൈഫും ഈന്തപ്പഴത്തിനുമൊക്കെ പുറമെയാണ് തോട്ടണ്ടി അഴിമതിക്കേസ് സർക്കാറിനെ വലക്കുന്നത്. കേസിനെക്കാൾ ഏറെ കേസിൽ സർക്കാർ എടുക്കുന്ന ചില നടപടികളാണ് തിരിച്ചടികളാകുന്നത്.
ഒന്നിനു പിറകെ ഒന്നായി സി ബി ഐ സർക്കാറിനെ കുഴക്കുകയാണ്. ഇതൊക്കെ കൊണ്ടു തന്നെ ആവണം ചില സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളവും സി ബി ഐ ഇടപെടൽ നിയന്ത്രിക്കാൻ ഒരുങ്ങുന്നത്. കോടികളുടെ അഴിമതി നടന്നുവെന്നു സിബിഐ കണ്ടെത്തിയ തോട്ടണ്ടി അഴിമതിക്കേസിൽ സംസ്ഥാന സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അതിനാൽ സിബിഐ. മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ നടപടിക്കെതിരെയാണ് സി ബി ഐ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
സംസ്ഥാന സർക്കാരിന്റെ തന്നെ വിവിധ ഏജൻസികളുടെ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണു ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്കു വിട്ടത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗംചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ സിബിഐ കണ്ടെത്തിയത്. എന്നാൽ കേസിൽ പ്രതികളായി കണ്ടെത്തിയ ആർ. ചന്ദ്രശേഖരൻ, കെ.എ. രതീഷ് എന്നിവർ ഇവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ കോർപറേഷനു തോട്ടണ്ടി നൽകിയ ജെഎംജെ ട്രേഡേഴ്സ് ഉടമ ജയ്മോൻ ജോസഫ് മാത്രമാകും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരിക.
പക്ഷെ പ്രധാന പ്രതികളില്ലാതെ ജയ്മോൻ ജോസഫിനെതിരെ കുറ്റ പത്രം സമർപ്പിച്ചാൽ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ വാദം. സർക്കാറിൻ്റെ ഈ നടപടിക്കെതി രെയാണ് സി ബി ഐ ഹൈക്കോടതിയെ സമീപിക്കുന്നത്. അഥവ കുറ്റപത്രം തിരുത്തി സമർപ്പിക്കുകയാണെങ്കിൽ അതിന് കാലതാമസം ഉണ്ടാകുകയും ചെയ്യും. അഴിമതി നിരോധന നിയമത്തിലെ വകുപ്പു കൾ ഒഴിവാക്കി ഐപിസി വകുപ്പുകൾ മാത്രം ചുമത്തി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകാൻ സിബിഐ തീരുമാനിച്ചാലും പ്രോസിക്യൂഷനു സർക്കാർ അനുമതി എന്ന പ്രശ്നം ഉയരുകയും ചെയ്യും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച പൊതുപ്രവർത്തകൻ മനോജ് കടകംപള്ളി വീണ്ടും കോടതിയെ സമീപിക്കുമെന്നു വ്യക്തമാവുന്നത്.
അതേ സമയം കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെത്തിയതൊന്നും ശരിയല്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഈ നിയമോപദേശത്തിന്റെ പിന്നിൽ മുന്‍ എം.ഡിയും കേസിലെ പ്രതിയുമായ കെ.എ രതീഷിന്‍റെ നീക്കങ്ങളാണ് ഫലം കണ്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതെന്നാണ് സർക്കാർ വാദം. അതേസമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു പ്രമുഖ ഐ എൻ ടി യു സി നേതാവ് ചില ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളും കോൺഗ്രസിനുള്ളിൽ ചർച്ചയായിട്ടുണ്ട്. തോട്ടണ്ടി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതു തന്നെ മറ്റൊരു അഴിമതിയും നിയമത്തിന്റെ ദുരുപയോഗവുമാണ്. പ്രതികൾ സർക്കാരിന് അടുപ്പമുള്ളവരാണെങ്കിൽ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുന്നതു നിയമം ദുരുപയോഗം ചെയ്യലാണ്. ഇങ്ങനെ സ്വജനപക്ഷപാതത്തിൻ്റെ പര്യായമായി മാറുകയാണ് സംസ്ഥാന സർക്കാർ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.