‘ആര്.എസ്.എസ് അല്ല.. ഫസലിനെ കൊന്നത് സി.പി.എമ്മുകാര്‍ തന്നെ’ ഭാര്യ മറിയു
തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്കെതിരെ ഫസലിന്റെ ഭാര്യ. ഫസലിന്റെ കൊലക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ഭാര്യ മറിയുവിന്റെ പ്രതികരണം.
ഫസലിന്റെ ഭാര്യ മീഡിയവണിനോട് പ്രതികരിച്ചതില്‍ നിന്ന്
കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്.. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ഹരജി കൊടുത്തത് സിപിഎമ്മിന് വേണ്ടിയാണ്, അതിന് എന്തെങ്കിലും നക്കാപിച്ച സഹോദരന് കിട്ടുന്നുമുണ്ടാകും, അത് ഫസലിനോടുള്ള ആത്മാര്‍ഥത കൊണ്ടല്ല.. സിപിഎമ്മിന് അനുകൂലമായി കേസ് പോകാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ് സഹോദരന് നടത്തുന്നത്… എനിക്കൊരു സംശയവുമില്ല.. ആര്.എസ്.എസ് കാര്‍ അല്ല ഇത് ചെയ്തത്, സിപിഎമ്മുകാര്‍ ആണ് ഫസലിനെ കൊന്നത്
അതേസമയം തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി ജയരാജന് രംഗത്തെത്തി. വൈകിയെത്തിയ നീതിയാണിതെന്ന് പ്രതികരിച്ച ജയരാജന് ഇത്രയും സിപിഎമ്മിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തിയത് വേട്ടയാടലാണെന്നും വിമര്‍ശിച്ചു. ‘ഫസല്‍ കൊല്ലപ്പെട്ടത് പെരുന്നാളിനോട് അടുത്ത ദിവസമായിരുന്നു. അന്ന് പ്രദേശത്ത് എന്‍.ഡി.എഫ്-ആര്.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു. ആ സഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നതെന്നാണ് അന്ന് എന്‍.ഡി.എഫും പ്രദേശത്തുള്ളവരും പറഞ്ഞത്. എന്നാല്‍ പൊലീസും പിന്നീട് സി.ബി.ഐയും ചേര്‍ന്ന് സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. ആ സമയത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ആര്.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും യോജിച്ച് പ്രവര്‍ത്തിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയായിരുന്നു. പിന്നീട് സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചാല്‍ മോഹന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നാണ് ഈ കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. മോഹന്‍ വധക്കേസ് അന്വേഷണത്തിനിടെ ആര്.എസ്.എസ് പ്രവര്‍ത്തനെ ചോദ്യംചെയ്തപ്പോഴാണ് കുപ്പി സുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായി കുറ്റസമ്മതമൊഴി ലഭിച്ചത്.’ പി ജയരാജന് പ്രതികരിച്ചു.
2006 ഒക്ടോബര്‍ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ എന്ന എന്‍.ഡി.എഫ് പ്രവര്ത്തകന് കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കുസമീപം നോമ്ബ് ദിവസം പുലര്‍ച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന് കൂടിയായ ഫസല്‍ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസല്‍ വധക്കേസ്. ഫസല്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന് എന്നിവരുള്‍പ്പെടെ എട്ടു സി.പി.എമ്മുകാരെ പ്രതി ചേര്‍ത്തായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താനുള്ള ഉത്തരവില്‍ കേസ് സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കണമെന്ന്ോ ഹൈക്കോടതി പറഞ്ഞു. സി.പി.എം നേതാക്കളെ മുഖ്യപ്രതി ചേര്‍ത്ത തലശേരി ഫസല്‍ വധക്കേസില്‍ സഹോദരന് അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാര്‍ഥ പ്രതികള്‍ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരന് കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ട്