AutoLatest NewsNationalSampadyam

അമേരിക്കന്‍ പ്ലാന്റ് ചൈന ഏറ്റെടുക്കുമോ? ആകാംക്ഷയോടെ വാഹനവിപണി

ചെന്നൈ: അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്ലാന്റുകള്‍ ചൈനീസ് കമ്പനിയായ എംജി മോട്ടോഴ്‌സ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി ഇടി ഓട്ടോ റിപ്പോര്‍ട്ട്. ഫോര്‍ഡ് ഇന്ത്യയിലെ വാഹന നിര്‍മാണം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022ന്റെ മധ്യത്തോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹന നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്ലാന്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എംജി മോട്ടോഴ്‌സും ഫോര്‍ഡും പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് ഇരുകമ്പനികളും ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. കൊറോണ ഒന്നാം തരംഗത്തിന് ശേഷം വാഹനവില്‍പന ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി ഫോര്‍ഡിന്റെ വാഹന നിര്‍മാണശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നത് എംജി പരിഗണിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്ലാന്റ് ഏറ്റെടുക്കാനാണ് സാധ്യത.

മറ്റ് വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും, പ്ലാറ്റ്‌ഫോം പങ്കിടുന്നതും, കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ഫോര്‍ഡുമായി മറ്റു കമ്പനികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്തിടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണം ആരംഭിച്ച ഒല ഇലക്ട്രിക്കുമായി ഫോര്‍ഡ് സഹകരണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സൂചനകളുണ്ട്.

ഇന്ത്യയിലെ പ്രവര്‍ത്തനം നഷ്ടത്തില്‍ തുടരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് ഫോര്‍ഡ് ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുത്ത മോഡലുകള്‍ ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ വില്‍പ്പന തുടരുമെന്നാണ് ഫോര്‍ഡ് അറിയിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button