ഭീഷണി കണ്ട് പിന്മാറില്ല: തുഷാര അജിത്
കൊച്ചി: ഭീഷണിപ്പെടുത്തിയാലൊന്നും താന്‍ ബിസിനസില്‍ നിന്ന് പിന്മാറില്ലെന്ന് തുഷാര അജിത്. നോ ഹലാല്‍ ബോര്‍ഡ് വച്ച് ഭക്ഷണം വിളമ്പിയതിന് ആക്രമിക്കപ്പെട്ട് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഹോട്ടല്‍ സംരംഭക തുഷാര അജിത്. എറണാകുളം പാലാരിവട്ടത്ത് നന്ദൂസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്.
കാക്കനാട് ഇതിന്റെ പുതിയ ഒരു ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാനിരിക്കവെയാണ് ചിലര്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ തുഷാര ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും ചികിത്സ തേടി. ഉദ്ഘാടനത്തിന് മുന്നോടിയായി ശുചീകരണം നടത്തുമ്പോഴായിരുന്നു ആക്രമണം. ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഹോട്ടല്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില വ്യക്തികുളുടെയും സംഘടനകളുടെയും ഭാഗത്തുനിന്നു ഭീഷണിയുണ്ടായിരുന്നതായി തുഷാര പറഞ്ഞു. ഇന്‍ഫോ പാര്‍ക്കില്‍ തന്റെ ഹോട്ടലിനു സമീപം പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് തുഷാര ആരോപിച്ചു. ഹലാല്‍ ഭക്ഷണം വില്‍ക്കുന്നതുപോലെ തന്നെ ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കാനും അവകാശമുണ്ടെന്ന നിലപാടിലാണ് തുഷാര. ആക്രമണത്തെ ഭയന്നു പിന്നോട്ടില്ലെന്നും സംരംഭവുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.