മുഖ്യമന്ത്രിയെ കാണാതെ പിരിയില്ല; ക്ലിഫ് ഹൗസിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ, നേതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന സമരം ക്ലിഫ് ഹൗസിന് മുന്നിൽ കടുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ആശമാർ.
പിഎംജി ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനൊടുവിലാണ് നാല് മണിക്കൂറോളമായി സമരം തുടരുന്നത്. കനത്ത മഴയിലും പിന്മാറാതെ സമരം ചെയ്ത ആശാ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ബാരിക്കേഡുകൾ മറികടന്നും ആശമാർ പ്രതിഷേധം തുടർന്നു.
സമരം ശക്തമായതോടെ യു.ഡി.എഫ്. സെക്രട്ടറി സി.പി. ജോൺ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ആശാ സമര നേതാക്കളായ എസ്. മിനി, എം.എ. ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പോലീസ് വാഹനം തടഞ്ഞും, ക്ലിഫ് ഹൗസിന് മുന്നിൽ പാത്രം കൊട്ടിയും ആശമാർ പ്രതിഷേധിച്ചു. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. സമരം അവസാനിപ്പിക്കാൻ പോലീസ് നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യങ്ങൾ അറിയിച്ച ശേഷം മാത്രമേ സമരം നിർത്തൂ എന്ന ഉറച്ച നിലപാടിലാണ് ആശാ പ്രവർത്തകർ.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശമാരുടെ സമരം എട്ട് മാസമായി തുടരുകയാണ്.
tag: Will not disperse without meeting the Chief Minister; Bashams intensify protest in front of Cliff House, leaders arrested