സ്വപ്‌ന ഇറങ്ങുമോ ഈ ആഴ്ച
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഈ മാസം ജയില്‍ നിന്നും പുറത്തിറങ്ങിയേക്കാം. കോഫെപോസ കരുതല്‍ തടവ് നീട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി കാത്തിരിക്കുകയാണ് കസ്റ്റംസ്. ഈ മാസം പത്തിനാണ് സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കരുതല്‍ തടവ് അവസാനിക്കുന്നത്. എന്‍ഐഎ ചാര്‍ജ് ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കരുതല്‍ തടവ് പൂര്‍ത്തിയാക്കി സ്വപ്‌നയ്ക്ക് പുറത്തിറങ്ങാം.
കൂട്ടുപ്രതി സരിത്തിന്റെ കോഫെപോസ തടങ്കല്‍ അടുത്തമാസമാണ് കാലാവധി പൂര്‍ത്തിയാകുന്നത്. കോഫെപോസ ഉപദേശക ബോര്‍ഡ് തീരുമാനം ഹൈക്കോടതി ശരിവച്ചാലും ഇനി കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല, നീട്ടാനുള്ള അപേക്ഷ നല്‍കണമോ എന്നതില്‍ ഇതുവരെ തീരുമാനിച്ചിട്ടുമില്ല. എന്‍ഐഎ കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ വാദം പൂര്‍ത്തിയായി. 22നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
മറ്റു പ്രതികളായ മുഹമ്മദ് ഷാഫി, ബിലാല്‍, കെ.ടി. റമീസ് എന്നിവരുടെ അപ്പീല്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. റമീസിന്റെ സഹോദരന്‍ കഴിഞ്ഞാഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതു വൈകരുതെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണു കഴിഞ്ഞാഴ്ച കേസില്‍ അന്തിമവാദം നടന്നത്.
സ്വപ്നയുടെ ജാമ്യാപേക്ഷ പലവട്ടം മാറ്റിവച്ചതാണ്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസും ഇഡിയും പ്രതികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസിലും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്.