international newsLatest NewsWorld

യുദ്ധത്തിന്റെ ഗതി മാറ്റുമോ ടോമാഹോക്ക്? ട്രംപിന്റെ ഭീഷണിയിൽ വിറച്ച് റഷ്യ

യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായില്ലെങ്കിൽ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുമെന്ന നിർണ്ണായക സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് ദീർഘദൂര പ്രഹരശേഷിയുള്ള ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ കൈമാറുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ ഈ നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

എന്താണ് ടോമാഹോക്ക് മിസൈലുകൾ?

അമേരിക്കൻ സൈന്യത്തിന്റെ ആവനാഴിയിലെ ഏറ്റവും ശക്തവും കൃത്യതയേറിയതുമായ ആയുധമാണ് ടോമാഹോക്ക് ക്രൂയിസ് മിസൈൽ (BGM-109 Tomahawk).

2,500 കിലോമീറ്റർ ദൂരപരിധിയുള്ള ടാർഗറ്റുകളെ പോലും കൃത്യമായി ലക്ഷ്യമിടാൻ ഇതിന് കഴിയും. യുക്രൈന് ലഭിക്കാൻ സാധ്യതയുള്ള 1,550 മൈൽ (ഏകദേശം 2,500 കിലോമീറ്റർ) ദൂരപരിധിയുള്ള വകഭേദം റഷ്യയുടെ 1,945-ൽ അധികം സൈനിക കേന്ദ്രങ്ങളെ യുക്രൈന്റെ ആക്രമണ പരിധിയിലാക്കും. നിലവിൽ സുരക്ഷിതമെന്ന് കരുതുന്ന മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലെ സൈനിക താവളങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, കമാൻഡ് സെന്ററുകൾ എന്നിവയൊന്നും ഇനിമേൽ സുരക്ഷിതമായിരിക്കില്ല.

ഏകദേശം 20 അടി നീളവും 1,510 കിലോ ഭാരവുമുണ്ട് ഈ ക്രൂയിസ് മിസൈലിന്. ഇതിന്റെ ചിറകുകൾക്ക് 6.5 അടി വിസ്തൃതിയുണ്ട്. 885 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാര വേഗത. ഒരു മിസൈലിന് ഏകദേശം 1.3 മില്യൺ ഡോളറാണ് വില.

ജിപിഎസ്, ഇനേർഷ്യൽ നാവിഗേഷൻ, ടെറൈൻ കോണ്ടൂർ മാപ്പിങ് (TERCOM) തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ മിസൈലുകൾക്ക് മീറ്ററുകളുടെ വ്യത്യാസത്തിൽ പോലും ലക്ഷ്യത്തിൽ എത്താനുള്ള കൃത്യത നൽകുന്നു.

എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകും. വിക്ഷേപിച്ച ശേഷം ലക്ഷ്യം മാറ്റാനുള്ള ശേഷിയും ടോമാഹോക്കിനുണ്ട്. കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും ഇവ വിക്ഷേപിക്കാൻ സാധിക്കും.

കുറഞ്ഞ ഉയരത്തിൽ സഞ്ചരിക്കുന്നതിനാലും രൂപകൽപ്പനയിലെ പ്രത്യേകതയാലും മറ്റ് രാജ്യങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് ടോമാഹോക്കുകളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കില്ല. റഷ്യയുടെ S-400, Pantsir പോലുള്ള പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുൻ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

1991-ലെ ഗൾഫ് യുദ്ധത്തിലാണ് ടോമാഹോക്ക് ആദ്യമായി ഉപയോഗിച്ചത്. അന്ന് ഇറാഖിലെ പ്രസിഡൻഷ്യൽ പാലസ്, കൺട്രോൾ സെന്ററുകൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയ കടുപ്പമേറിയ കേന്ദ്രങ്ങൾ തകർക്കാൻ ഇത് നിർണ്ണായക പങ്ക് വഹിച്ചു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇത് പരീക്ഷിച്ചിട്ടുണ്ട്.

യുക്രൈനും റഷ്യയും – പ്രതികരണങ്ങൾ

ട്രംപിന്റെ ഭീഷണി യുക്രൈൻ യുദ്ധത്തിന്റെ സമവാക്യങ്ങൾ മാറ്റിയെഴുതാൻ സാധ്യതയുണ്ട്.

ടോമാഹോക്കുകളുടെ കൈമാറ്റം റഷ്യൻ നേതൃത്വത്തിൽ ഭയം ജനിപ്പിക്കുമെന്നും സമാധാന ചർച്ചകളിൽ യുക്രൈന്റെ നിലപാട് ശക്തിപ്പെടുത്തുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പ്രത്യാശ പ്രകടിപ്പിച്ചു. ട്രംപിന്റെ ഈ സമ്മർദ്ദ തന്ത്രം യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും സെലൻസ്കി കരുതുന്നു.

യുക്രൈന് ടോമാഹോക്കുകൾ നൽകുന്നത് “നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക്” നയിച്ചേക്കാവുന്ന ഒരു വലിയ പ്രകോപനമായാണ് റഷ്യ കാണുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇത് അമേരിക്ക-റഷ്യ ബന്ധം തകർക്കുമെന്നും “സംഘർഷത്തിന്റെ തികച്ചും പുതിയതും ഗുണപരവുമായ ഒരു ഘട്ടമായിരിക്കും” എന്നും മുന്നറിയിപ്പ് നൽകി. മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഇത് ട്രംപിന് പോലും ദോഷകരമായി അവസാനിക്കുമെന്നും ഭീഷണി മുഴക്കി.

നിലവിൽ റഷ്യക്കുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും വലിയ സൈനിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുള്ള അമേരിക്ക, ടോമാഹോക്ക് മിസൈൽ കൂടി കൈമാറിയാൽ യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്. ചൈനയുടെ പരോക്ഷ പിന്തുണ റഷ്യക്ക് അനുകൂലമായുള്ള പശ്ചാത്തലത്തിൽ, ലോകശക്തികൾ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കും.

Tag: Will Tomahawk change the course of the war? Russia trembles at Trump’s threat

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button